വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

06:34 pm 6/1/2017
images

ന്യൂഡൽഹി: വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സംഘടന വിഷയങ്ങളും യോഗം ചർച്ച ചെയ്യും.

ദേശീയ രാഷ്ട്രീയ വിഷയങ്ങളാണ് തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി പ്രധാനമായും ചർച്ചചെയ്യുന്നത്. യു.പി അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുളള സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന്‍റെ പൊതുമുന്നണിയുണ്ടാക്കണമെന്നാണ് സി.പി.എം നേതൃത്വത്തിൻറ നിലപാട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട തുടർപ്രക്ഷോഭങ്ങളും യോഗം ചർച്ചചെയ്യും. കേരളത്തിലെ സംഘടന വിഷയങ്ങളും കേന്ദ്രകമ്മറ്റിയിൽ ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന പി.ബി യോഗത്തിൽ ധാരണയായിരുന്നു.

വിഎസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്ക ലംഘന പരാതി പരിശോധിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിൻ മേൽ കേന്ദ്രകമ്മിറ്റിയെടുക്കുന്ന തീരുമാനം സംസ്ഥാന ഘടകത്തിന് നിർണ്ണായകമാണ്. പരാതികളില്‍ കഴമ്പുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയെങ്കിലും വിഎസിനെതിരെ അച്ചടക്ക നടപടികളിലേക്ക് കേന്ദ്രകമ്മിറ്റി കടക്കില്ലെന്നാണ് സൂചന.
ബന്ധുനിയമന വിവാദത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ ഉയർന്ന ആരോപണങ്ങളും യോഗം പരിശോധിക്കും. അഞ്ചേരി ബേബി വധക്കേസിൽ കോടതി വിധിവന്നതിന് ശേഷവും എം എം മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെ വിഎസ് നൽകിയ പരാതിയും പരിഗണനയില്‍ വന്നേക്കും.