ലോക മഹാന്മാരുടെ ലിസ്റ്റില്‍ അറുപതാം തവണയും ബില്ലിഗ്രഹാം

08:54 pm 6/1/2017

– പി.പി. ചെറിയാന്‍
Newsimg1_68596869
നോര്‍ത്ത് കരോളിന: ലോക മഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളില്‍ ആദ്യ പത്തുപേരില്‍ ഇടം കണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷന്‍ സ്ഥാപകനുമായ ബില്ലിഗ്രഹാം പുതിയ റെക്കോര്‍ഡിനുടമയായി. അറുപതാം തവണയാണ് ബില്ലിഗ്രഹാം ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 2016 വര്‍ഷാവസാനം ഗാലപ് പോള്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍.

1955 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ബില്ലിഗ്രഹാമിന് 1962, 1976 വര്‍ഷങ്ങളില്‍ മാത്രമാണ് ലിസ്റ്റില്‍ സ്ഥാനം ലഭിക്കാതെ പോയത്. 99–ാം വയസ്സിലേക്ക് പ്രവേശിച്ച ബില്ലിഗ്രഹാം 180 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 200 മില്യന്‍ ജനങ്ങളോട് സുവിശേഷം അറിയിച്ച ഏക സുവിശേഷകനായാണ് അറിയപ്പെടുന്നത്.

1947ല്‍ ടെലിവിഷനിലൂടെ ബില്ലിഗ്രഹാം ക്രൂസേഡിന് തുടക്കം കുറിച്ചു. പ്രസ്തുത ക്രൂസേഡിലൂടെ 3.2 മില്യന്‍ പേര്‍ ക്രിസ്തുവിനെ ജീവിതത്തില്‍ രക്ഷകനായി അംഗീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 2014 വരെ സുവിശേഷ കണ്‍വന്‍ഷനുകളില്‍ സജീവമായി പങ്കെടുത്തിരുന്ന ബില്ലി ഇപ്പോള്‍ ശാരീരിക ക്ഷീണാവസ്ഥയില്‍ കഴിയുന്നതിനാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറില്ല.

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറുമായി പല വേദികളും പങ്കിട്ട് സുവിശേഷ പ്രഭാഷണം നടത്തിയിട്ടുള്ള ബില്ലിഗ്രഹം, ഒരിക്കല്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ലൂതറെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറക്കിയിരുന്നു. ലളിതമായ സുവിശേഷത്തിന്റെ പ്രചാരകനായി ബില്ലിഗ്രഹാം നിരവധി തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.