04:00 pm 7/1/2017
ഹൈദരാബാദ്: ഫീസ് അടക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ അധികൃതർ അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലൻറ് സ്കൂളിലെ ഒമ്പതാം കളാസ് വിദ്യാർഥിയായ മിർസ സൽമാൻ ബെയിഗാണ് വീടിനകത്ത് തൂങ്ങിമരിച്ചത്.
ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് മിർസ സൽമാനെ പാൻറ്സ് അഴിപ്പിച്ച് താഴ്ന്ന കളാസിലെ കുട്ടികളുടെ കൂടെ ഇരുത്തുകയും അപമാനിക്കുകയും ചെയ്തെന്ന് അതേ സ്കൂളിലെ വിദ്യാർഥിയായ സഹോദരൻ ബഷീർ വെളിപ്പെടുത്തി. ബുധനാഴ്ച ഫീസ് അടക്കുന്നതു വരെ മിർസയെ പൊതുമധ്യത്തിൽ അപമാനിച്ചിരുന്നു. ഫീസ് അടച്ച ദിവസം മിർസ താൻ ഇനി സ്കൂളിൽ വരില്ലെന്ന് കരഞ്ഞുകൊണ്ട് സുഹൃത്തുക്കളോട് പറഞ്ഞാതായി വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.
വിദ്യാർഥിയുടെ കുടുംബത്തിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്കൂൾ പ്രിൻസിപ്പൽ കാജ സൈനുലാബ്ദ്ദീനെ അറസ്റ്റു ചെയ്തു. സ്കൂളിെൻറ മാനേജ്മെൻറ് രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതർ അപമാനിച്ചെന്ന പരാതി മാനേജ്മെൻറ് തള്ളി.
നോട്ട് അസാധുവാക്കലിനെ തുടർന്ന് പണം പിൻവലിക്കാനോ മാറ്റം ചെയ്യാനോ കഴിയാത്തതിനാലാണ് ഫീസ് അടക്കാൻ വൈകിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇത് സ്കൂൾ ഒാഫീസിൽ അറിയിച്ചിരുന്നെന്നും ഇവർ ആരോപിച്ചു.

