02.37 PM 08/01/2017

ന്യൂഡൽഹി: നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിനെ നയിക്കാൻ താൻ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോൾതന്നെ താൻ കുറച്ചു തന്ത്രങ്ങൾ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളിൽ അത് കൂടുതൽ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്.
2014 ഡിസംബറിൽ അഡ്ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തിൽ നായകസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കാലുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. പിന്നീട് ആ സമ്മർദ്ദത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞു. എന്നാൽ ഏകദിന–ട്വന്റി 20 നായകസ്ഥാനം അത്ഭുതപ്പെടുത്തുന്നില്ല. അത് മനസിലാക്കാൻ എനിക്കു ധാരാളം സമയം ലഭിച്ചിട്ടുണ്ട്– കോഹ്ലി പറഞ്ഞു. നിയന്ത്രിത ഓവർ ക്രിക്കറ്റിലെ അനുഭവസമ്പത്ത് നായകസ്ഥാനത്ത് തനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
കളിക്കളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെകുറിച്ച് ധോണി പറഞ്ഞിട്ടുണ്ടെന്നും സാഹര്യങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഇപ്പോൾ തനിക്കറിയാമെന്നും കോഹ്ലി വ്യക്തമാക്കി.
