10.13 Pm 10/01/2017
മുംബൈ: ദശാബ്ദത്തോളം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിക്ക് തോൽവിയോടെ മടക്കം. നായകനായ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇലവനോട് മൂന്നു വിക്കറ്റിനാണ് ധോണിപ്പട തോൽവി വഴങ്ങിയത്. ഇന്ത്യ ഉയർത്തിയ 305 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഇലവൻ ഏഴു പന്ത് ശേഷിക്കെ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
സാം ബില്ലിംഗ്സ്(93), ജേസൺ റോയ്(62), ജോസ് ബട്ലർ(46), അലക്സ് ഹെയ്ൽസ്(43), ലിയാം ഡോസൺ(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയമൊരുക്കിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റ് നേടി. 10 ഓവറിൽ 60 റൺസ് വഴങ്ങിയായിരുന്നു കുൽദീപിന്റെ പ്രകടനം.
നേരത്തെ, നായകനായ അവസാന മത്സരത്തിൽ ബാറ്റുകൊണ്ട് കരുത്തുകാട്ടിയ മഹേന്ദ്ര സിംഗ് ധോണി, സെഞ്ചുറി കുറിച്ച അമ്പാട്ടി റായിഡു, അർധസെഞ്ചുറികളുമായി കളംനിറഞ്ഞ യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരുടെ മികവിലാണ് ഇന്ത്യ വമ്പൻ സ്കോർ സ്വന്തമാക്കിയത്. അമ്പാട്ടി റായിഡു 100 റൺസെടുത്ത് റിട്ടേർഡ് ഹർട്ടായി. 97 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്സ്. ധവാൻ–63, യുവരാജ്–56 എന്നിങ്ങനെയായിരുന്നു സീനിയർ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയിൽ അവസാന മത്സരത്തിനിറങ്ങിയ ധോണി പുറത്താകാതെ 68 റൺസെടുത്തു. 40 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്. അവസാന ഓവറിൽ 23 റൺസാണ് ധോണി അടിച്ചുകൂട്ടിയത്.
അതേസമയം, ആറാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽതന്നെ സഞ്ജു പുറത്തായി.