ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു

05.22 PM 11/01/2017
INASF_pic1
ജോയിച്ചന്‍ പുതുക്കുളം
മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധി സ്‌ക്വയര്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അധ്യക്ഷ പ്രസംഗത്തില്‍ ഈ പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലകളേപ്പറ്റിയും സേവനങ്ങളെപ്പറ്റിയും വിവരിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സിറ്റികളും. സംഘടനകളുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ആദരവായി ബ്രോവാര്‍ഡ് കൗണ്ടി കമ്മീഷന്‍ 2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച ‘ബ്രോവാര്‍ഡ് കൗണ്ടി നഴ്‌സസ് ഡേ’ ആയി പ്രഖ്യാപിച്ച് കൗണ്ടി പ്രൊക്ലമേഷന്‍ ഐ.എന്‍.എ.എസ്.എഫിനു ലഭിച്ച വലിയ അംഗീകാരവും, പ്രചോദനവുമാണെന്നു പറഞ്ഞു.
ഡോ. ജോര്‍ജ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഏതാണ്ട് രണ്ടു പതിറ്റാണ്ടായി സൗത്ത് ഫ്‌ളോറിഡയിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ കൂടുതല്‍ ഉയരങ്ങളിലേക്ക് ലക്ഷ്യംവെച്ച് വളരുകയാണെന്ന് ഓര്‍മ്മിപ്പിച്ചു.
ഡേവി നഗരസഭ മേയര്‍ ജൂഡി പോള്‍ മുഖ്യാതിഥിയായിരുന്നു. ഷീല ജോണ്‍സണ്‍ പ്രസിഡന്റായുള്ള 2017- 18 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാണി മുരളി, ജസി വര്‍ക്കി, ദിവ്യ സണ്ണി എന്നിവരുടെ ഗാനാലാപനം പരിപാടികള്‍ക്ക് ഇമ്പമേകി. ഷീല ജോണ്‍സണ്‍ എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു. ബോബി വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടികള്‍ക്ക് അമ്മാള്‍ ബര്‍ണാഡ്, ജിനോയി തോമസ്, സിക്‌സി ഷാനു, വത്സാ സണ്ണി, ഗ്രേസ് പൊന്നച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.