ഖാദി വില്ളേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്.

08:33 am 13/1/2017

Newsimg1_11590305

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി വില്ളേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ (കെ.വി.ഐ.സി) ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു മുഖപേജിലുണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രശസ്തമായ ചര്‍ക്ക ചിത്രത്തിലെ അതേ പോസില്‍ മോദി ഇരിക്കുന്നതാണ് ഇത്തവണ.

ചിത്രം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ പുതിയ കലണ്ടറിനെതിരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍, കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ്കുമാര്‍ സെക്സീന നടപടിയെ ന്യായീകരിച്ചു. മുമ്പും ഇത്തരത്തില്‍ കലണ്ടറില്‍നിന്ന് ഗാന്ധിയെ മാറ്റിയിട്ടുണ്ടെന്നും കലണ്ടറിലില്ളെങ്കിലും ഗാന്ധി തന്നെയാണ് സ്ഥാപനത്തിന്‍െറ ആത്മാവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഖാദി ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ അംബാസഡര്‍ എന്ന നിലയിലാണ് മോദി ചിത്രം ഉപയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവും കലണ്ടറില്‍ മോദി ചിത്രം ഉള്‍പ്പെടുത്താന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, ചില ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറില്‍ മോദിയുടെ വിവിധ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയായിരുന്നു.