അബൂദബി: അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യത്തെ നടുക്കി. ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേറ്റ വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് രാജ്യത്തിന്‍െറ ദു$ഖഭാരമേറ്റിക്കൊണ്ട് അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.
അന്യ രാജ്യത്തിനും അവിടുത്തെ പൗരന്മാര്‍ക്കും വേണ്ടി മാനുഷിക മൂല്യമുയര്‍ത്തി പിടിച്ചുകൊണ്ട് സ്ഥൈര്യത്തോടെ പ്രവര്‍ത്തിച്ച യു.എ.ഇ പൗരന്മാരുടെ മരണത്തെ രക്തസാക്ഷിത്വമായാണ് രാജ്യവും അന്താരാഷ്ട്ര സമൂഹവും കണ്ടത്. രാഷ്ട്ര നേതാക്കളും ജനങ്ങളും വിവിധ രാജ്യങ്ങളും രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഗാധ ദു$ഖം രേഖപ്പെടുത്തി. രക്തസാക്ഷികളായവര്‍ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ഥന നടത്തുകയും ചെയ്തു. പൗരന്മാരുടെ മരണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അനുശോചിച്ചു.
ലോകത്ത് എല്ലായിടത്തുമുള്ള മാനുഷിക ദൗത്യങ്ങളില്‍ യു.എ.ഇക്ക് പങ്കുണ്ടെന്നതിനാല്‍ രാഷ്ട്ര നേതൃത്വത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായം ആവശ്യമുള്ള സമൂഹങ്ങളെയും ജനങ്ങളെയും പിന്തുണക്കാന്‍ ഏത് വെല്ലുവിളി നേരിട്ടും യു.എ.ഇ ജീവകാരുണ്യ-വികസന പ്രവൃത്തികള്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഞ്ചനാത്മകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് നന്മ പ്രോത്സാഹിപ്പിക്കാനും സഹായം നീട്ടുവാനും പ്രത്യാശ ഉളവാക്കാനുമുള്ള യു.എ.ഇയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ളെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. ബുധനാഴ്ച അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനിയെ ഫോണില്‍ വിളിച്ചപ്പോഴാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും അപായകരമായ ഭീകരതയെയും തീവ്രാദ പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര യജ്ഞങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. ദൈവസഹായത്താല്‍ ജീവകാരുണ്യ-വികസന പദ്ധതികള്‍ തുടരുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അശ്റഫ് ഗനിയെ അറിയിച്ചു. യു.എ.ഇ പൗരന്മാരുടെ മരണത്തില്‍ അഫ്ഗാന്‍ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അനുശോചനമറിയിച്ചു.
സംഭവത്തില്‍ പടിഞ്ഞാറന്‍ മേഖലാ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചിച്ചു. യു.എ.ഇ പൗരന്മാര്‍ അഫ്ഗാനില്‍ നടത്തുന്ന ജീവകകാരുണ്യ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് ഹംദാന്‍ അഭിമാനം പ്രകടിപ്പിച്ചു. ഉന്നതമായ മാനുഷിക ദൗത്യം നിര്‍വഹിക്കുന്നതിനിടെ മരിച്ചവര്‍ രക്തസാക്ഷികളാണ്.
അഫ്ഗാനിസ്താനിലും ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലും സഹായങ്ങള്‍ എത്തിക്കുന്ന ദൗത്യം യു.എ.ഇ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ലയും അനുശോചിച്ചു. ദിവ്യമായ പ്രവൃത്തി നിര്‍വഹിക്കുന്നതിനിടെ മരിച്ച യു.എ.ഇ പൗരന്മാരില്‍ രാഷ്ട്ര നേതാക്കളും ജനങ്ങളും അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീകരതയുടെ ഇത്തരം ഭീരുത്വപരമായ പ്രവര്‍ത്തനം ഇസ്ലാമിനും ധാര്‍മികമൂല്യങ്ങള്‍ക്കും നിരക്കാത്തതാണ്. രക്തസാക്ഷികള്‍ക്ക് സ്വര്‍ഗം ലഭിക്കാന്‍ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല പ്രാര്‍ഥിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബി എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രസിഡന്‍റിന്‍െറ പ്രതിനിധി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.
ആക്രമണത്തെ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) അപലപിക്കുകയും യു.എ.ഇയെ അനുശോചനം അറിയിക്കുകയും ചെയ്തു. ഭികരതക്ക് മതമോ ദേശമോ ഇല്ളെന്ന് ഹീനവും ഭീരുത്വം നിറഞ്ഞതുമായ ഈ പ്രവൃത്തി വീണ്ടും തെളിയിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ഉതൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോംബ് സ്ഫോടനത്തെ അറബ് ലീഗ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം ഭീരുത്വപരതായ ഭീരകാക്രണമങ്ങള്‍ക്കെതിരെ യു.എ.ഇക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ ഭീകര പ്രവൃത്തി എല്ലാ മാനുഷിക-ധാര്‍മിക മൂല്യങ്ങളെയും ലംഘിക്കുന്നുവെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ആല്‍ സയാനി പ്രസ്താവിച്ചു. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, യു.എസ്.എ, ഈജിപ്ത്, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ ശക്തമായി അപലപിച്ചു.

