07:55 am 16/1/2017

വാഷിംഗ്ടണ്‍ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിക്ഷേധം കനത്തു. വാഷിംഗ്ടണിലെ മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂണിയര്‍ മെമ്മോറിയലിനു സമീപം നടന്ന പ്രതിഷേധ റാലിയില്‍ കനത്ത മഴയെ അവഗണിച്ചു രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ഏറെപ്പേരും കറുത്തവര്‍ഗക്കാരായിരുന്നു.
അതിനിടെ ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങു ബഹിഷ്കരിക്കുമെന്ന് ഇതിനകം 18 ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
സമത്വവും നീതിയും ട്രംപ് ഭരണത്തിനു കീഴില്‍ അട്ടിമറിക്കപ്പെടുമെന്ന് ആരോപിച്ചാണ് പൗരാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രംപ് ഗവണ്മെന്റിനു കീഴില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാകുന്നതിനെതിരെയും ഒബാമ കെയര്‍ ആരോഗ്യപദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെയും റാലിക്കിടെ പ്രതിഷേധമുയര്‍ന്നു . ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് പൗരാവകാശ പ്രവര്‍ത്തകര്‍ തുടക്കമിട്ടത്. ട്രംപ് അധികാരമേല്‍ക്കുന്നതോടെ തങ്ങള്‍ കൂടുതല്‍ കരുത്തരായി രംഗത്തുവരുമെന്നും അവര്‍ പറഞ്ഞു.ട്രംപ് വൈറ്റ്ഹൗസില്‍ ചുമതലയേല്‍ക്കുന്നതിന്റെ പിറ്റേന്ന് ട്രംപിനെതിരെ വനിതകള്‍ വന്‍ റാലി സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
വുമണ്‍സ് മാര്‍ച്ച് ഓണ്‍ വാഷിംഗ്ടണ്‍ എന്നപേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ 2 ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.യുഎസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും ഡെമോക്രാറ്റുമായ ജോണ്‍ ലെവിസിനെതിരെ പരിഹാസവുമായി ട്രംപ് രംഗത്തുവന്നതിനു പിന്നാലെയായിരുന്നു വാഷിംഗ്ടണില്‍ പ്രതിഷേധറാലി അരങ്ങേറിയത്. ട്രംപ് നിയമാനുസൃത പ്രസിഡന്റല്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനാരോഹണച്ചടങ്ങു ബഹിഷ്കരിക്കുമെന്നും ലെവിസ് പ്രഖ്യാപിക്കുകയുണ്ടായി.
