07:58 am 16/1/2017

ഷിക്കാഗോ: കൊടുംതണുപ്പില്‍ മഞ്ഞില്‍ വീണ് പരിക്കേറ്റ യജമാനനെ രക്ഷിച്ച നായ താരമായി. പുതുവര്‍ഷപ്പിറവിയുടെ തലേന്നു രാത്രി വിറകു ശേഖരിക്കാനാണ് മിഷിഗനിലെ പെടോസ്കിയിലുള്ള ബോബ് (64) വീടിനു പുറത്തിറങ്ങിയത്. അതിനിടെ താഴെ വീണു കഴുത്തുളുക്കി. അനങ്ങാനാവാതെ മഞ്ഞില്‍ കിടന്ന ബോബിന്റെ പുറത്തു കിടന്നു ശരീരം മരവിക്കാതെ നോക്കിയത് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട നായ കെല്സിയായിരുന്നു.
ദേഹത്തു കിടന്നും മുഖത്തു നക്കിയും ഉരുമ്മിയും കെല്‍സി ബോബിന്റെ ശരീരത്തിലെ ചൂടു നിലനിര്‍ത്താന്‍ പ്രയത്നിച്ചുവെങ്കിലും 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോബ് അബോധാവസ്ഥയിലായി. കാല് മൈലോളം അകലെ താമസിക്കുന്ന അയല്‍വാസി പിറ്റേ ദിവസം രാവിലെ കെല്‍സിയുടെ ശബ്ദം കേട്ട് എത്തി ബോബിനെ ആശുപത്രിയിലാക്കുകയായിരുന്നു.
