08:08 am 18/1/2017
– പി.പി. ചെറിയാന്‍

നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16-നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം.
അപ്പോളോ- 17 മിഷനിലെ കമാന്‍ഡറായിരുന്നു സെര്‍നന്‍. 1972 ഡിസംബര്‍ 14-നാണ് സെര്‍നന്‍ ചന്ദ്രപ്രതലത്തില്‍ കാലുകുത്തിയത്. “ജീവിതത്തിന്റെ ഏറ്റവും സുപ്രധാന ദിനമാണിന്ന്’ ചന്ദ്രനില്‍ കാല്‍ കുത്തിയശേഷം ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു.
ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോംഗ് 2012-ല്‍ അന്തരിച്ചിരുന്നു. 1969 ജൂലൈ 21-നാണ് ചരിത്രത്തില്‍ ആദ്യമായി (നീല്‍) ചന്ദ്രനില്‍ ഇറങ്ങി നടന്നത്.
അവസാനമായി ചന്ദ്രനിലേക്ക് യാത്രതിരിച്ച അപ്പോളോ 17 (1972 ഡിസംബര്‍ 11-ന്) യാത്രികരായ സെര്‍നനും, ഹാരിസനും മൂന്നുദിവസം ചന്ദ്രനില്‍ ചെലവഴിച്ചശേഷം പന്ത്രണ്ട് ദിവസത്തെ മിഷന്‍ പൂര്‍ത്തീകരിച്ച് ഭൂമിയില്‍ തിരിച്ചെത്തി. 1934 മാര്‍ച്ച് 14-നു ചിക്കാഗോയില്‍ ജനിച്ച സെര്‍നന്‍ പ്രൂഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. 1963-ല്‍ നാസയില്‍ ചേര്‍ന്ന് 1976-ല്‍ റിട്ടയര്‍ ചെയ്തു. ഭാര്യ നാനു സെര്‍നന്‍. മകള്‍: ട്രേയ്‌സി.
