08:10 am 18/1/2017

റെസ്റ്റണ്‍, വിര്‍ജീനിയ: അമേരിക്കയില്‍, വിര്‍ജിനിയായില്‍ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദര്‍ശ്ശിക്കുവാനുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചു രോഗബാധിതനായ മലയാളി പിതാവിനായി സഹായാഭ്യര്‍ഥന. കോട്ടയം സ്വദേശിയും, അഹമ്മദാബാദില്‍ (ഗുജറാത്ത്) ദീര്‍ഘകാലമായി താമസക്കാരുമായ അശോക് കുമാര്‍ രാമകൃഷ്ണ, ഭാര്യ ലളിതയോടും (മുണ്ടുവേലില്, പേരൂര്‍, കോട്ടയം) ഇവരുടെ മകള്‍ ലതികയുടെ കുടുംബത്തോടൊപ്പം 2016 ഡിസംബര്‍ 8 ന് അഹമ്മദാബാദില്‍ നിന്നും ദോഹ വഴി വാഷിംഗ്ടണ്‍ ഡി. സി ലേക്ക് തിരിച്ചു. യാത്രയുടെ ആരംഭത്തില്‍ ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ദോഹയില്‍ നിന്നും ഡി. സി. യിലേക്കുള്ള യാത്രാമദ്ധ്യേ അസ്വസ്ഥനായ രാമകൃഷ്ണയ്ക് വിമാന അധികൃതര്‍ പ്രഥമശുശ്രൂഷ നല്കി എങ്കിലും, ഡി. സി. യില്‍ എത്തിയപ്പോഴേക്കും ശരീരം മുഴുവനും തളര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായതുമൂലം, വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ആംബുലന്‍സില്‍ വിര്‍ജീനിയയിലെ റെസ്റ്റണ്‍ ഹോസ്പിറ്റല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനയില്‍നിന്നും അദ്ദേഹത്തിന് ‘ഗില്ലിയന്ബാരെ’ (Guillain-barré Syndrome)എന്ന അസുഖമാണന്ന് കണ്ടുപിടിച്ചു സ്ഥിരീകരിച്ചു. ഒരുലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഒരു അപൂര്‍വ രോഗമാണ് ഇത്.
ആശുപത്രിയില്‍ നിന്നും (ആതുര സേവന പദ്ധതി വഴി) അദ്ദേഹത്തിന് വിദഗ്ധ ചികിത്സാ സഹായങ്ങളാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അല്‍പ്പാല്‍പ്പമായി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇപ്പോള്‍ ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും, ശരീരം പൂര്‍ണമായും ഇപ്പോഴും തളര്‍ന്നിരിക്കുന്നു. ഭക്ഷണം കുഴല്‍ വഴിയാണ് ഇപ്പോള്‍ കൊടുക്കുന്നത്. പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനായി ദീര്‍ഘ നാളത്തെ ചികിത്സയും ഫിസിക്കല്‍ തെറാപ്പിയും ആവശ്യമാണ്. അതിനായി ഇദ്ദേഹത്തെ ഏതെങ്കിലും ൃലവമയശഹശമേശേീി രലിലേൃ ലേക്ക് മാറ്റണം എന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.
അമേരിക്കയില്‍ സന്ദര്‍ശന വീസയില്‍ എത്തിയിരിക്കുന്ന ഇദ്ദേഹത്തിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതുമൂലം, ഭാവിചികിത്സക്കായി എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലാണ് മകള്‍ ലതികയും കുടുംബവും. ലതികയ്ക്കും ഭര്‍ത്താവ് അനിലിനും ഏഴുവയസും രണ്ടുവയസ്സുമുള്ള മക്കളുണ്ട്. ലതിക മുഴുവന്‍ സമയ കുടുംബിനി ആണ്. പിതാവിന്റെ ഭാവി ചികിത്സക്കായി ഭീമമായ തുക ആവശ്യമാകയാല്‍, ഇവര്‍ ഉദാരമതികളായ പൊതുജനങ്ങളില്‍നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നു.
അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഇവര്‍ക്ക് സഹായമെത്തിക്കുവാനായി പ്രവര്‍ത്തനമാരംഭിച്ചു. കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടണ്‍ മുന്‍ പ്രസിഡന്റ വസന്ത് നമ്പ്യാര്‍ അറിയിച്ചതനുസരിച്ചു ഫോമാ യുടെ വനിതാ പ്രതിനിധിയും, സാന്ത്വനം പദ്ധതിയുടെ ചെയര്‍ പേഴ്സണുമായ രേഖ ഫിലിപ്പ്, ഇദ്ദേഹത്തെയും കുടുംബത്തെയും ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശിച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ കുടുംബത്തിന് ആശ്വാസം പകരാനും മറ്റ് സഹായങ്ങള്‍ എത്തിക്കാനുമായി രേഖ ഫിലിപ്പിനോടൊപ്പം, തോമസ് കുര്യന് (R. V. P., Capital Region), രാജ് കുറുപ്പ് (ദേശിക കമ്മിറ്റി അംഗം), എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള സഹായ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ഇവരോടൊപ്പം, സന്ദീപ് പണിക്കര്‍ (President, KCSMW ), ഹരിദാസ് നമ്പ്യാര്‍ (President , KAGW), ജോയി കൂടാലി (Pesident, Kairali of Baltimore) തുടങ്ങിയര്‍ പ്രാദേശിക തലത്തില്‍ ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.
ജനുവരി പതിനഞ്ചിന് വിളിച്ചുകൂട്ടിയ ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, ടീരശമഹ ണീൃസലൃ,െ മെഡിക്കല്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമകൃഷ്ണയുടെ മകള്‍ ലതിക, ഭര്‍ത്താവ് അനില്‍, കുടുംബ സുഹൃത്തുക്കളായ ദക്ഷിണാമൂര്‍ത്തി, ഭാര്യ കാര്‍ത്തിക എന്നിവര്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും, ഇനിയും ആവശ്യമായ ഭാവിചികിത്സയെപ്പറ്റിയും വിശദമായി സംസാരിച്ചു. പ്രതിമാസം ഏകദേശം അറുപത്തിനാലായിരം ഡോളറോളം($ 64000) ചിലവില്‍, ആറുമാസക്കാലം എങ്കിലും ഇദ്ദേഹത്തിന് വിദഗ്ദ്ധ പരിചരണം ആവശ്യമാണന്നു ആശുപത്രി അധികൃതര്‍ കരുതുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാനായി ഫോമാ യുടെ നേതൃത്വത്തില്‍ മുന്നോട്ടു വന്ന എല്ലാവര്ക്കും കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. തദവസരത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും , സെക്രട്ടറി, ജിബി തോമാസും, സാന്ത്വനത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും, ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, മറ്റ് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനായി ശ്രമിക്കണമെന്നും ഏവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രെഷറര്‍ ജോമോന് കുളപ്പുരക്കല്‍, വിവിധ മേഖലാ വൈസ് പ്രെസിഡന്റുമാര്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. ചികിത്സക്ക് ആവശ്യമായ തുക സംഭരിക്കാനായി അമേരിക്കയിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളെ സമീപിക്കുക, ഫീസ് ഈടാക്കാതെ ചികിത്സിക്കാന്‍ തയ്യാറുള്ള ഫിസിക്കല്‍ തെറാപ്പി വിദഗ്ദ്ധരെ കണ്ടെത്തുക, സര്‍ക്കാര്‍ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ കുറഞ്ഞ ചിലവിലോ, ചാരിറ്റി സംവിധാനത്തിലോ ഉള്ള ചികിത്സാ സൗകര്യങ്ങള്‍ അന്വേഷിക്കുക, തുടങ്ങിയ തീരുമാനങ്ങള്‍ തദവസരത്തില്‍ എടുത്തു. രേഖ ഫിലിപ്പ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഈ ആവശ്യത്തിലേക്കായി, ഉപകാരപ്രദങ്ങളായ ആശയങ്ങളോ അഭിപ്രായങ്ങളോ ഉള്ളവര്‍ ഫോമാ അധികൃതരുമായി എത്രയും വേഗം fomaa2018official@gmail.com ഇല് ബന്ധപ്പെടുക.
സംഭാവന ചെയ്യുവാന്‍ താല്പര്യമുള്ളവര് https://www.youcaring.com/papa-718092 എന്ന ലിങ്കില്‍ സന്ദര്‍ശ്ശിക്കുക.
ലിന്‍സ് താന്നിച്ചുവട്ടില്‍,
ഫോമാ ന്യൂസ് ടീം.
