രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം.

08:14 am 18/1/2017
download (2)
ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെ രോഹിത് വെമുല സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രോഹിതിന്‍െറ വിവിധ നിറങ്ങളില്‍ തീര്‍ത്ത മുഖചിത്രം പ്രതിഷേധസൂചകമായി കാമ്പസിലെമ്പാടും പതിച്ചിരുന്നു. നാടന്‍പാട്ടുകളടക്കമുള്ള സാംസ്കാരിക പരിപാടികളും പ്രതിഷേധത്തിന്‍െറ ഭാഗമായി അരങ്ങേറി.

വെമുലയുടെ ജീവത്യാഗം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പിലേക്ക് നയിക്കണമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. രോഹിതിന്‍െറ അമ്മ, സഹോദരന്‍ രാജ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും യൂനിവേഴ്സിറ്റിയിലത്തെി. രാജ്യത്തിന്‍െറ മറ്റിടങ്ങളില്‍ അധികാരികളുടെ വിവേചനത്തിനിരയായവരെയും സംഘാടകര്‍ യൂനിവേഴ്സിറ്റിയിലേക്ക് ക്ഷണിച്ചിരുന്നു. ഡല്‍ഹി ജെ.എന്‍.യുവില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിന്‍െറ കുടുംബം, വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍െറ സഹോദരന്‍ ജാന്‍ മുഹമ്മദ്, ജെ.എന്‍.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദലിത് വിദ്യാര്‍ഥി രാഹുല്‍ എന്നിവരും പ്രതിഷേധവേദി പങ്കിട്ടു. ആം ആദ്മി പാര്‍ട്ടി, എസ്.ഐ.ഒ എന്നിവയടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി യൂനിവേഴ്സിറ്റിയിലേക്ക് എത്തിയെങ്കിലും പൊലീസ് പ്രവേശന കവാടത്തില്‍ തടഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം തടഞ്ഞു. രോഹിതിന്‍െറ ആത്മഹത്യക്ക് കാരണക്കാരനായ വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധകര്‍ പ്ളക്കാര്‍ഡുകളും ഉയര്‍ത്തി. ഇതിനിടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ‘ഫ്രണ്ട്ലൈന്‍’ മാഗസിന്‍െറ റിപ്പോര്‍ട്ടര്‍ കുനാല്‍ ശങ്കറെ സൈബറാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം ഇദ്ദേഹത്ത പിന്നീട് വിട്ടയച്ചു.

വെമുലയുടെ ചരമവാര്‍ഷിക ദിനത്തില്‍ യൂനിവേഴ്സിറ്റിയിലേക്ക് സംയുക്ത സമിതി മാര്‍ച്ചിന് ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. പ്രതിഷേധത്തിന് ആരും അനുമതി വാങ്ങിയിരുന്നില്ളെന്ന് പ്രൊ.വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവ പറഞ്ഞു.
രോഹിതിന്‍െറ മരണം ‘വ്യവസ്ഥാപിത കൊലപാതക’മാണെന്നും നീതി ലഭിക്കുംവരെയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതുവരെയും സമരം തുടരുമെന്നും പ്രക്ഷോഭത്തിന്‍െറ മുന്‍നിര നേതാവ് ദോന്ത പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് പുലര്‍ച്ചെയാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വെമുലയുടെ ആത്മഹത്യ കുറിപ്പില്‍ ആരെയും പേരെടുത്ത് പറഞ്ഞിരുന്നില്ളെങ്കിലും യൂനിവേഴ്സിറ്റി അധികാരികളുടെ നിരന്തര പീഡനത്തിനും ജാതി വിവേചനത്തിനും വെമുല ഇരയായിരുന്നുവെന്ന് ദലിത് പ്രക്ഷേഭകര്‍ പറഞ്ഞു.