ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി

08:09 am 19/1/2017
images (1)

ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമ പൂര്‍ണ ഉത്തരവാദിയാണെന്ന് തൊഴില്മന്ത്രാലയം വ്യക്തമാക്കി. ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപകമാക്കി.
ജോലി സമയങ്ങളില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം നല്കുന്നതില്‍ വീഴ്ച വരുത്തിയ 19 കമ്പനികള്‍ക്കെതിരെ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് കനത്ത പിഴയും, ഉടമകള്‍ക്ക് ജയില്‍ശിക്ഷ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. 1,328പരിശോധനകളാണ്, 2016ല്‍ മന്ത്രാലയം നടത്തിയത്.
ഒമാന്‍ തൊഴില്‍ നിയമം (87) ആം വകുപ്പ് പ്രകാരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തൊഴിലാളിക്ക് സംഭവിക്കുന്ന ഏത് അപകടങ്ങള്‍ക്കു പരിഹാരം കാണാന്‍ കമ്പനി ഉടമകള്‍ ഉത്തരവാദികളാണ്.
അത്യാഹിതങ്ങളില്‍ അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നതിനും കമ്പനികള്‍ തയ്യാറാകണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴില്‍ പരിസരം, സുരക്ഷിതവും വൃത്തിയും ഉള്ളതാകണമെന്നു നിയമം നിര്‍ദ്ദേശിക്കുന്നു.
ഒമാന്റെ ഉള്‍പ്രദേശങ്ങളിലെ തൊഴില്‍ സ്ഥലങ്ങളിലാണ് കൂടുതല്‍ പരിശോധന നടത്തേണ്ടതെന്ന് ഒമാന്‍ ട്രേഡ് യൂണിയന്‍ നേതാവ് മുഹമ്മദ് ഫര്‍ജി ആവശ്യപെട്ടിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ തൊഴില്‍ സ്ഥലങ്ങളില്‍ ക്രമീകരിക്കുന്നതിന് വരുന്ന ചിലവ്, തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് കമ്പനി ഉടമകള്‍ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്‍ക്കുള്ള ചിലവ് തൊഴിലുടമയാണ് വഹിക്കേണ്ടതെന്നു ഒമാന്‍ തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്.