വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി ജെ.എഫ്.എ നാലാം വര്‍ഷത്തിലേക്ക്

08:39 am 20/1/2017

തോമസ് കൂവള്ളൂര്‍
Newsimg1_35035384
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുവര്‍ഷമായി ന്യൂജേഴ്‌സിയിലെ പസായിക് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജയില്‍മോചിതനാക്കാനുള്ള ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ശ്രമം ഒടുവില്‍ ഫലസമാപ്തിയിലെത്തി എന്നുള്ളത് മലയാളികള്‍ക്ക് മൊത്തം അഭിമാനിക്കാവുന്ന ഒരു സന്തോഷവാര്‍ത്തയാണ്.

2014 സെപ്റ്റംബര്‍ മാസത്തിന്റെ അവസാനമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 28 വയസുള്ള ആ ചെറുപ്പക്കാരനെ ഏതെങ്കിലും വിധേന പോയി കാണുകയും, ജയില്‍ വിമുക്തനാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ഭാരവാഹികളുമായി ഇന്ത്യയില്‍ നിന്നും ഫോണ്‍ മൂലവും, ഇമെയിലിലൂടെയും ബന്ധപ്പെട്ടത്. തുടക്കത്തില്‍ ഈ ലേഖകനും ജെ.എഫ്.എ ട്രഷറര്‍ അനില്‍ പുത്തന്‍ചിറയും പ്രസ്തുത യുവാവിനെ ജയിലില്‍ പോയി കാണുകയും, ആശ്വസിപ്പിക്കുകയും ചെയ്തു.

തുടക്കത്തില്‍ പത്തുവര്‍ഷത്തെ ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഒടുവില്‍ 2016 മെയ് 6-ന് പാസായിക് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ആ ചെറുപ്പക്കാരന് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയും “മേഗന്‍ ലോ’ അനുസരിച്ച് അമേരിക്കയില്‍ താമസിക്കണമെന്നും, കൂടാതെ ആജീവനാന്തം പരോള്‍ സൂപ്പര്‍വിഷനില്‍ കഴിയണമെന്നും വിധിച്ചു. ഇതിനെല്ലാം പുറമെ നല്ലൊരു തുക കുറ്റത്തിനു ശിക്ഷയായി കൊടുത്തു തീര്‍ക്കണമെന്നും വിധി കല്പിച്ചിരുന്നു. വിധി കേട്ട മലയാളികളെല്ലാം വാസ്തവത്തില്‍ മൂക്കത്തു വിരല്‍വെച്ച് അന്ധാളിച്ചിരുന്നുപോയി.

ഏതു നിയമത്തിനും അതിന്റേതായ ചില പഴുതുകളുണ്ട്. നിയമത്തിന്റെ പഴുതുകളറിയാവുന്ന ചിലര്‍ ജെ.എഫ്.എയില്‍ ഉണ്ടെന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ വിജയത്തിനു കാരണം. വാസ്തവത്തില്‍ ബലാത്സംഗമോ, കുറ്റകരമായ ശിക്ഷയ്ക്ക് അര്‍ഹമായ രീതിയില്‍ സ്ത്രീ പീഡനമോ ഒന്നും നടക്കാത്ത ഈ കേസില്‍ ഇങ്ങനെ 5 വര്‍ഷത്തെ ശിക്ഷ കിട്ടാന്‍ കാരണം വക്കീല്‍ പറഞ്ഞത് അനുസരിച്ച് കുറ്റം സമ്മതിച്ച് പ്ലീ ബാര്‍ഗെയിനു സമ്മതിച്ചതാണ് എന്നുള്ളതാണ് സത്യം.

എന്നാണെങ്കിലും ഒടുവില്‍ കൗണ്ടി ജയിലില്‍ നിന്നും സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റുന്നതിനിടയ്ക്ക് ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ മുമ്പില്‍ പോകേണ്ട ഒരു ചടങ്ങുണ്ട്. ആ അവസരത്തില്‍ ബുദ്ധിപരമായ രീതിയില്‍ അവരോട് തന്റെ അമേരിക്കയിലെ വിസ തീര്‍ന്നുവെന്നും, നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നു പറഞ്ഞാല്‍ അത്തരത്തിലുള്ളവരെ നാട്ടിലേക്ക് ഡീപോര്‍ട്ട് ചെയ്യുന്ന ഒരു പ്രക്രിയ അമേരിക്കയിലുണ്ട്. അമേരിക്കയില്‍ കൊലപാതകം വരെ നടത്തിയിട്ടുള്ള ഇല്ലീഗല്‍ ആയിട്ടുള്ള ക്രമിനലുകളെ ഇത്തരത്തില്‍ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ഈ പഴുത് വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ രക്ഷപെടാനാവുമെന്ന് ജെ.എഫ്.എ ലീഗല്‍ ടീം പ്രസ്തുത യുവാവിനു മനസ്സിലാക്കി കൊടുത്തിരുന്നു. അതനുസരിച്ച് ജൂലൈ മാസത്തില്‍ ഇമിഗ്രേഷനിലേക്കു കൊണ്ടുപോയ അവസരത്തില്‍ വണ്ടവിധത്തില്‍ അവരെ കാര്യം ധരിപ്പിക്കാന്‍ ഒരു വക്കീലിന്റെ സഹായം പോലുമില്ലാതെ ആ ചെറുപ്പക്കരനു കഴിഞ്ഞു.

അങ്ങനെ, ഓഗസ്റ്റ് മാസത്തില്‍ ആ ചെറുപ്പക്കാരനെ ഇന്ത്യയിലേക്ക് ഡീപോര്‍ട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചു. പക്ഷെ, ആ ചെറുപ്പക്കാരന്റെ പാസ്‌പോര്‍ട്ട് മുതലായ ട്രാവല്‍ ഡോക്കുമെന്റുകളും, മറ്റ് റിക്കാര്‍ഡുകളും ന്യൂജേഴ്‌സിയിലെ പാസായിക് കൗണ്ടി പ്രോസിക്യൂട്ടറുടെ കസ്റ്റഡിയില്‍ ആയിരുന്നു. അയാളാണെങ്കില്‍ അവധിക്ക് വിദേശപര്യടനത്തിലുമായിരുന്നു. ആ ചെറുപ്പക്കാരനുവേണ്ടി ജെ.എഫ്.എ ലീഗല്‍ ടീം പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം ഇതുസംബന്ധിച്ച് ബന്ധപ്പെടുകയുണ്ടായി.

ഒടുവില്‍ ഡിസംബര്‍ മാസത്തില്‍ ആ ചെറുപ്പക്കാരന്റെ വാലറ്റ് തുടങ്ങി എല്ലാ സാധനങ്ങളും ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏജന്റിന് പ്രോസിക്യൂട്ടര്‍ കൈമാറി. അങ്ങനെ അമേരിക്കന്‍ നിയമത്തെ മറികടക്കുന്ന വിധത്തില്‍ ന്യൂജേഴ്‌സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് സ്‌കോട്ട് ബന്നിയന്റെ ഉത്തരവിനെ കട്ടിവെട്ടി ഫെഡറല്‍ ഗവണ്‍മെന്റിന്റെ കൈകടത്തിലൂടെ ഒരു അറ്റോര്‍ണിയുടെ പോലും സഹായമില്ലാതെ തന്നെ ആ ചെറുപ്പക്കാരനെ ഡിസംബര്‍ 21-നു രണ്ട് ഫെഡറല്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഡല്‍ഹിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈമാറി. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചടത്തോളം രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പ് (കോടതി വിധ അഞ്ച് വര്‍ഷമായിരുന്നിട്ടുകൂടി) ആ ചെറുപ്പക്കാരനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് ഒരു വന്‍ വിജയം തന്നെയാണ്.

അങ്ങനെ ജെ.എഫ്.എ ഏറ്റെടുത്ത ഭാരിച്ച ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഈ പുതുവര്‍ഷത്തില്‍ ഒരു സന്തോഷവാര്‍ത്ത തന്നെയാണ്. ഇതെപ്പറ്റി ആ ചെറുപ്പക്കാരന്‍ തുടരെ തുടരെ ഈ ലേഖകനേയും മറ്റ് ജെ.എഫ്.എയുടെ ഭാരവാഹികളേയും, ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി മലയാളി സുഹൃത്തുക്കളേയും വിളിച്ചു പറഞ്ഞത് ആ ഫെഡറല്‍ ഏജന്റുമാര്‍ വാസ്തവത്തില്‍ തനിക്കു കൂട്ടുവന്ന മാലാഖമാര്‍ക്ക് തുല്യമായിരുന്നു എന്നാണ്. സംഭവ ബഹുലമായിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം അങ്ങനെ ഒടുവില്‍ സന്തോഷദായകമായി എന്നു ചുരുക്കം.

ഈ കേസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ ചില കാര്യങ്ങള്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിസ്സാര കുറ്റങ്ങളെ വലുതാക്കി ചിത്രീകരിച്ച്, തങ്ങളുടെ കൈയ്യില്‍ കിട്ടുന്നവരുടെ മേല്‍ വേണ്ടാത്ത കുറ്റങ്ങള്‍ കെട്ടിച്ചമച്ച്, അവരെ കഠിന ശിക്ഷയ്ക്ക് വിധേയരാക്കുവാന്‍ ശ്രമിക്കുന്നത് അമേരിക്കയിലെ പോലീസുകാര്‍ക്ക് ക്രൂരവിനോദമാണ്. മിക്കപ്പോഴും ഇതിനു ഇരയാകുന്നത് സാധാരണക്കാരായ ഇന്ത്യക്കാരാണു പോലും. ഇതിനെതിരേ അമേരിക്കന്‍ മലയാളികള്‍ ജാഗരൂപരായിരിക്കുക.

മറ്റൊരു പ്രാധാനപ്പെട്ട കാര്യം നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ നമ്മുടെ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ആദ്യമേതന്നെ വക്കീലിനെ കണ്ടുപിടിച്ച് അവരെ കേസ് ഏല്‍പിക്കുക എന്നുള്ളതായിരിക്കരുത്. ന്യായമായ ഒരു കേസ് ആണെങ്കില്‍ ജനങ്ങള്‍ സംഘടിച്ച് ആദ്യമേതന്നെ ശബ്ദം വയ്ക്കണം. അതും കേസ് കോടതിയില്‍ എത്തുന്നതിനു മുമ്പുതന്നെ. അങ്ങിനെ ചെയ്താല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിമാരെ സമ്മര്‍ദ്ദം ചെലുത്തി കേസിന്റെ കാഠിന്യം കുറപ്പിക്കാന്‍ കഴിയും. പബ്ലിക്ക് സംഘടിച്ചാല്‍ അത് തങ്ങള്‍ക്ക് നല്ലതല്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണിമാര്‍ക്കും, എന്തിനേറെ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിനും അറിയാം. കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ജനങ്ങളുടെ വോട്ടു കിട്ടിയില്ലെങ്കില്‍ അധികാരത്തില്‍ വരാന്‍ കഴിയുകയില്ല എന്നവര്‍ക്കറിയാം. എല്ലാം കഴിഞ്ഞിട്ട് ശബ്ദം വച്ചിട്ട് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് വക്കീലന്മാരെ നിയോഗിച്ചശേഷം ജനത്തിന് ശബ്ദിക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല.

മൂന്നാമത്തെ സുപ്രധാനമായ ഒരു കാര്യം നമ്മള്‍ സംഘടിതരാണെങ്കില്‍ വക്കീലന്മാരുമായി നമുക്കു വിലപേശാനാവും. നമ്മള്‍ അസംഘടിതരാണെന്നു കണ്ടാല്‍ അറ്റോര്‍ണിമാര്‍ക്ക് പണം കൊയ്‌തെടുക്കാന്‍ എളുപ്പവുമാണ്.

നാലാമത് ഒരു നാം പറയുന്നതുപോലെ കേള്‍ക്കുന്ന വക്കീലന്മാരുണ്ടെങ്കില്‍, തുടക്കത്തില്‍ തന്നെ അവരോടു വിവരം ധരിപ്പിക്കുക, എങ്കില്‍ എപ്പോഴും നമുക്കു ഗുണകരമായിരിക്കും വിധി വരുക.
അവസാനമായി പറയാനുള്ളത് നമ്മുടെ ഇടയില്‍ തന്നെ പല അഭിപ്രായങ്ങലുണ്ടായാല്‍ത്തന്നെ അത് നാം നിയോഗിക്കുന്ന അറ്റോര്‍ണി ഒരു കാരണവശാലും അറിയാതിരിക്കുക എന്നുള്ളതാണ്. ‘പലര്‍ തല്ലിയാല്‍ പാമ്പു ചാവുകയില്ല’ എന്നും പറയുന്നതുപോലെ പലരും പല അഭിപ്രായം പറയാതിരിക്കുക. വിവരമുള്ളവര്‍ പറയുന്നതു കേള്‍ക്കുക. അതല്ലെങ്കില്‍ മിണ്ടാതിരിക്കുക. നമ്മുടെ ബലഹീനത മനസ്സിലാക്കിയാല്‍ അറ്റോര്‍ണിമാര്‍ക്കു കുശാലായി എന്നു ചുരുക്കം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജെ.എഫ്. എ.യുടെ ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകര്‍ സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എഴുതിയാല്‍ തീരാത്തതാണ്. മറ്റു പല സംഘടനകളില്‍ നിന്നും വിഭിന്നമായി, ആരില്‍ നിന്നും പണം പോലും പിരിക്കാതെയാണ് ജെ.എഫ്.എ. കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജെ.എഫ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയവരിലധികവും സാധാരണക്കാരാണ് ചുരുക്കം ചില സാമൂഹ്യ നേതാക്കളൊഴികെ. അവരുടെയെല്ലാം പേരുകള്‍ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ അവസരത്തില്‍ വീണ്ടും എടുത്തുപറയുന്നില്ല.

ജെ.എഫ്.എയ്ക്ക് ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വെബ്‌സൈറ്റും, ഫേസ്ബുക്ക് പേജുമുണ്ട്. ഇവ രണ്ടും ഏറ്റെടുത്തു നടത്താന്‍ സന്മനസ്സുള്ളവര്‍ മുമ്പോട്ടു വന്നിരുന്നുവെങ്കില്‍ ജെ.എഫ്.എ.യ്ക്കു കുറെക്കൂടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയുമായിരുന്നു.

ജെ.എഫ്.എ.യുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവികമായ ഇടപെടലുകള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ജെ.എഫ്.എ.യുടെ ചരിത്രം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ധാരാളം ആള്‍ക്കാരുടെ നിരന്തരമായ പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്യൂന്‍മേരി പ്രാര്‍ത്ഥനാഗ്രൂപ്പ് എടുത്തു പറയത്തക്കതാണ്. പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് തങ്ങളുടെ പ്രിയമകനെ ഇത്രപെട്ടെന്ന് കിട്ടാന്‍ കാരണമെന്ന് ആ ചെറുപ്പക്കാരന്റെ അച്ചനും അമ്മയും നിറകണ്ണുകളോടെ ഈ ലേഖകനോടു പറയുകയുണ്ടായി. അങ്ങിനെ അവരുടെ 2016 ലെ ക്രിസ്തുമസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളായിമാറി.

ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ചെറുപ്പക്കാരനെ ജയിലില്‍ നിന്നും മോചിതനാക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച അനില്‍ പുത്തന്‍ചിറ എന്ന ചെറുപ്പക്കാരന്‍, താന്‍ അറിയുകപോലുമില്ലാത്ത ഒരു ചെറുപ്പക്കാരനുവേണ്ടി സഹിച്ച ത്യാഗങ്ങള്‍, എത്രമാത്രമാണെന്ന് മനസ്സിലാക്കിയ ഈ ലേഖകന്, ജെ.എഫ്.എ.യുടെ എല്ലാമെല്ലാമാണ് അനില്‍ പുത്തന്‍ചിറ എന്ന് എടുത്തു പറയാതിരിക്കാന്‍ വയ്യ. അനിലിനെപ്പോലുള്ളവരാണ് വാസ്തവത്തില്‍ ഇന്ന് നമ്മുടെ സമൂഹത്തിനാവശ്യം.

‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നറിയപ്പെടുന്ന ജെ.എഫ്.എ.യുടെ പ്രവര്‍ത്തകര്‍ ഇന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുമുണ്ട് എന്നുള്ളത് സന്തോഷകരമാണ്. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുക എന്നുള്ളദ്ദേശത്തോടെ രൂപകല്പനചെയ്ത ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഇതിലേയ്ക്കു കടന്നുവരാവുന്നതാണ്.

ഞങ്ങളോടൊപ്പം പലതവണ കോടതിയില്‍ വരുകയും, മീഡിയകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരണം നടത്തുകയും ചെയ്ത അനിയന്‍ ജോര്‍ജ്, പ്രവാസി മലയാളി ചാനലിന്റെ സുനില്‍ െ്രെടസ്റ്റാര്‍, അശ്വമേധത്തിന്റെ മധുകൊട്ടാരക്കര, ജെ.പി.എം. ന്യൂസിന്റെ ജോയിച്ചന്‍ പുതുക്കളം, ഇമലയാളി ജോര്‍ജ് ജോസഫ്, മലയാളം ഡെയിലി ന്യൂസിന്റെ മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയവര്‍ക്കും, ഞങ്ങളോടു സഹകരിച്ച എല്ലാ സാമൂഹ്യ നേതാക്കള്‍ക്കും ജെ.എഫ്.എ.യുടെ കൂപ്പുകൈ.

ജെ.എഫ്.എ.യ്ക്കുവേണ്ടി വാര്‍ത്ത തയ്യാറാക്കിയത്. തോമസ് കൂവള്ളൂര്‍