11.45 AM 24/01/2017
ന്യൂഡൽഹി: ബസ്തറിൽ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് നടത്തുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ തെളിവ് നൽകിയ സാമൂഹിക പ്രവർത്തക ബേല ഭാട്ടിയക്കെതിരെ വധഭീഷണി. തിങ്കളാഴ്ച രാവിലെ ഭാട്ടിയയുടെ ബസ്തർ പറപ്പയിലെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമികളാണ് ഭീഷണിപ്പെടുത്തിയത്. ഒരു ദിവസത്തിനുള്ളിൽ ബസ്തർ വിട്ടുപോകണമെന്നും അല്ലെങ്കിൽ അഗ്നിക്കിരയാക്കുമെന്നാണ് ഭീഷണി.
ഞായറാഴ്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾക്കൊപ്പം ബിജാപുരിൽ ലൈംഗീകാതിക്രമങ്ങൾക്ക് ഇരകളായവരുടെ മൊഴിയെടുക്കാൻ ഭാട്ടിയയും പോയിരുന്നു. ഈ പ്രദേശത്ത് ബസ്തർ പോലീസ് 16 ആദിവാസി സ്ത്രീകളെ മാനഭംഗപ്പെടുത്തിയിരുന്നു.
വീട്ടിൽ അതിക്രമം നടന്ന വിവരം ഭാട്ടിയ പോലീസിൽ അറിയിച്ചിട്ടും സഹായത്തിന് എത്തിയില്ല. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ സമാനമായ ഭീഷണി മറ്റു സാമൂഹിക പ്രവർത്തകർക്കും നേരിടേണ്ടിവന്നിട്ടുണ്ട്.