മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍

09:13 am 28/1/2017

– പി.പി. ചെറിയാന്‍
Newsimg1_5101144
ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്) : നാലു വയസ്സുകാരനായ മകനെ ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്‌ലിന്‍ പൊലീസ് അറസ്റ്റ് ചെയ്തു.മാതാവ് സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് ഇന്ന് (ജനുവരി 26) വ്യാഴാഴ്ച പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

നാലു വയസ്സുകാരന്റെ കൈയില്‍ നിന്നും മുട്ട നിലത്തു വീണു പൊട്ടിയതാണ് 26 വയസ്സുകാരിയായ മാതാവ് സാറാ കുംബ്‌സിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ചൂലിന്റെ മറുഭാഗം കൊണ്ട് ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ കുട്ടിയെ മാരകമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ബോയ്ഫ്രണ്ട് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം . തുടര്‍ന്ന് കുട്ടിയെ സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു. കാമുകന്‍ തന്നെയാണു പൊലീസിനെ വിവരം അറിയിച്ചത്. ഒമ്പതും, ഒന്നും, ഒരു മാസവും പ്രായമുള്ള മൂന്ന് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. പ്രസവാനന്തരം ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യമാണ് സാറയെ ഈ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

മൂന്ന് കുട്ടികളെ സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈല്‍ഡ് സര്‍വീസിന്റെ കസ്റ്റഡിയില്‍ വിട്ടു മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് ന്യുയോര്‍ക്ക് പൊലീസ് പറഞ്ഞു.

Newsimg2_56268771