മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.

09:22 am 28/1/2017
images
ചെന്നൈ: മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി. അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാന്‍ രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷംരൂപക്ക് കരാറില്‍ ഒപ്പിട്ടു. സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ രണ്ടുമാസം ഫ്ളോറിഡയില്‍ തങ്ങും. 68,888 യു.എസ് ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. ഇരുവരും പരിശീലനവും പാരമ്പര്യവുള്ള വിദഗ്ധ പെരുമ്പാമ്പ് പിടിത്തക്കാരാണ്. രണ്ടാഴ്ചക്കുള്ളില്‍ 13 മലമ്പാമ്പുകളെ പിടികൂടി.

ഒരെണ്ണത്തിനെ പിടിക്കുമ്പോള്‍ 1500 ഡോളര്‍ ( ഒരുലക്ഷം) രൂപ പാരിതോഷികം നല്‍കുന്നുണ്ട്. ഇവര്‍ക്കൊപ്പം സഹായികളായി രണ്ട് പരിഭാഷകരും നായ്ക്കളുമുണ്ട്. ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കള്‍ കണ്ടത്തെും. ഫ്ളോറിഡയിലെ വന്യജീവി സംരക്ഷണ കമ്മീഷനാണ് പാമ്പു പിടിത്തക്കാരെ ഇന്ത്യയില്‍ നിന്നത്തെിച്ചത്. പെറ്റുപെരുകുന്ന ബര്‍മീസ് മലമ്പാമ്പുകള്‍ രാജ്യത്തെ മൃഗങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചതോടെ ഇവയെ പിടികൂടി കൊല്ലാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. മുയല്‍, മരപ്പട്ടി, ചീങ്കണ്ണി,മാന്‍ എന്നിവയെ വന്‍തോതില്‍ അകത്താക്കാന്‍ തുടങ്ങി. പ്രത്യക്ഷത്തില്‍ കാണുകയില്ളെങ്കിലും ഇവ എല്ലായിടത്തും കാണും. ലോകത്ത് കണ്ട് വരുന്ന ഏറ്റവും വലിയ അഞ്ച് പാമ്പിനങ്ങളില്‍ പെട്ട ഒന്നായ ബര്‍മീസ് മലമ്പാമ്പുകളുടെ ജന്മരാജ്യം ഏഷ്യയും ഇന്ത്യയും ആണത്രെ. 1980കളില്‍ എവര്‍ഗ്ളെയ്ഡ്സ് ദേശീയ ഉദ്യാനത്തില്‍ എത്തിച്ച പാമ്പുകളുടെ ഇന്നത്തെ എണ്ണം പതിനായിരത്തോടടുത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യയില്‍ നിന്ന് തന്നെ വിദഗ്ധ പാമ്പുപിടിത്തക്കാരെ കണ്ടത്തൊന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിലെ അമേരിക്കന്‍ എംബസിവഴിയാണ് വിദഗ്ധരെ കണ്ടത്തെിയത്.

പാമ്പുകളെ കണ്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ട്. പാമ്പിനെ പിടികൂടാന്‍ നിഗൂഡമായ വിദ്യകളാണ് ഇവര്‍ പയറ്റുന്നതെന്ന് ഫ്ളോറിഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ് ചിത്ര സഹിതമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ തമിഴ്നാട്ടിലും മാസി സാധ്യന്‍,വടിവേല്‍ ഗോപാല്‍ താരങ്ങളായിരിക്കുകയാണ്.