യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും .

09:24 am 28/1/2017

തോമസ് കൂവള്ളൂര്‍
Newsimg1_38474010

ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്(ഐ.എ.എം.സി.വൈ) എന്ന സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനുവേണ്ടിയുള്ള നിര്‍ണ്ണായകമായ പൊതുയോഗവും, 2017 ലെ ഭരണ സമിതിയെ തെരഞ്ഞെടുക്കലും ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 7 മണി വരെ യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസ് റസ്‌റ്റോറന്റില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

ഐ.എ.എം.സി.വൈയില്‍ ലൈഫ് മെമ്പര്‍മാരായിട്ടുള്ള എല്ലാ മെമ്പര്‍മാരും പ്രസ്തുത പൊതുയോഗത്തിലും, തെരഞ്ഞെടുപ്പിലും പങ്കെടുക്കേണ്ടതാണ്.

2007ല്‍ സ്ഥാപിതമായി യോങ്കേഴ്‌സ് കേന്ദ്രീകരിച്ചു നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഐ.എ.എം.സി.വൈ. ഫൊക്കാനയില്‍ അഫിലിയേഷനുള്ള ഒരു സംഘടനയാണ്. മറ്റു സംഘടനകളെ അപേക്ഷിച്ച് വളരെ കുറച്ചു മെമ്പര്‍മാര്‍ മാത്രമുള്ള ഈ സംഘടന 2016ലെ വിവാദപരമായ തെരഞ്ഞെടുപ്പിനുശേഷം യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു സംഘടനയാണ്. സംഘടനയുടെ ബൈലോ പ്രകാരം എതിര്‍ സ്ഥാനാര്‍ത്ഥികളുണ്ടാകുന്നപക്ഷം ഒരു ഇലക്ഷന്‍ കമ്മീഷണറെയും രണ്ട് റിട്ടേണിങ്ങ് ഓഫീസര്‍മാരെയും ബോര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കേണ്ടതായിരുന്നു. അതിനു വീഴ്ച വന്നു എന്നു മനസ്സിലാക്കി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പിന്നീട് സംഘടനയുടെ സെക്രട്ടറിക്ക് തന്റെ ചെയര്‍മാന്‍ സ്ഥാനം രേഖാമൂലം എഴുതിക്കൊടുത്ത് തന്റെ സ്ഥാനം രാജിവച്ചൊഴിയുകയാണുണ്ടായത്.

2017 ജനുവരി 20 നു ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഇലക്ഷന്‍ കമ്മീഷണറായി തോമസ് കൂവള്ളൂരിനെയും, റിട്ടേണിങ്ങ് ഓഫീസര്‍മാരായി തോമസ് ചാവറ അന്തപ്പനെയും, രാജു തോമസ് തോട്ടത്തെയും തിരഞ്ഞെടുക്കുകയുണ്ടാ. അതനുസരിച്ച് യോങ്കേഴ്‌സിലെ 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റില്‍ വച്ച് ഫെബ്രുവരി മൂന്നാം തീയതി 4 മണി മുതല്‍ 7 മണിവരെ ജനറല്‍ ബോര്‍ഡിയും തുടര്‍ന്ന് 2017ലേയ്ക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്.

ഇത്രയും വിശദമായി എഴുതാനുണ്ടായ സാഹചര്യം ജനറല്‍ ബോഡി യോഗം കൂടാതിരിക്കാനും, തെരഞ്ഞെടുപ്പ് നടത്താതിരിക്കാനും ചിലര്‍ ശ്രമം നടത്തുകയും, ബോര്‍ഡ് മെമ്പര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നറിഞ്ഞതിനാലാണ്.

എന്തുതന്നെയായാലും യോങ്കേഴ്‌സില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്. ഒരു സംഘടനയില്‍ മെമ്പര്‍മാരുടെ ജനറല്‍ ബോഡിയോഗം ആണ് ഏതു കാര്യവും തീരുമാനിക്കേണ്ടത്. പൊതു യോഗത്തില്‍ സംഘടന പിരിച്ചുവിടാന്‍ തീരുമാനം വരെ എടുക്കാവുന്നതാണ്. തീരുമാനിക്കേണ്ടത് മെമ്പര്‍മാരാണ്.

ഐ.എ.എം.സി.വൈ.ലെ സാധിക്കുന്നേടത്തോളം മെമ്പര്‍മാര്‍ പൊതുയോഗത്തില്‍ വന്ന് നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഐ.എ.എം.സി.വൈ.യ്ക്കു വേണ്ടി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സംയുക്തമായി അറിയിക്കുന്നതാണ് ഈ വാര്‍ത്ത.

വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍