നോര്‍ത്ത് അമേരിക്കന്‍ മലയാളം സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്

09:25 am 28/1/2017
Newsimg1_84526556
നിവിന്‍പോളി മികച്ച നടന്‍, മഞ്ജു വാര്യര്‍ നടി, മികച്ച ചിത്രം: “മഹേഷിന്റെ പ്രതികാരം’.

കൊച്ചി, ജനുവരി 27: അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഏര്‍പ്പെടുത്തിയ “നോര്‍ത്ത് അമേരിക്കന്‍ മലയാളം ഫിലിം’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ മികച്ച നടനായും മഞ്ജു വാര്യരെ മികച്ച നടിയായും തെരഞ്ഞെടുത്തു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ ഗ്യാലപ് പോളിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായും, രാജീവ് രവി (കമ്മട്ടിപ്പാടം) മികച്ച സംവിധായകനായും തെരഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രീഡിയ പ്രസിഡന്റ് ഡോ. ഫ്രീമു വര്‍ഗീസ്, ഡയറക്ടര്‍ ഡോ. ആനി ലിബു, കേരള്‍ ടുഡേ ഡോട്ട്‌കോം മാനേജിംഗ് എഡിറ്റര്‍ ലാലു ജോസഫ്, അവാര്‍ഡ് നിശയുടെ കോര്‍ഡിനേറ്റര്‍ സുബാഷ് അഞ്ചല്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജൂലൈ 22-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മറ്റു അവാര്‍ഡ് ജേതാക്കള്‍: സഹനടന്‍- രഞ്ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം), സഹനടി- ആശാ ശരത് (അനുരാഗ കരിക്കിന്‍വെള്ളം), സ്വഭാവ നടന്‍ – ജോജു ജോര്‍ജ് (ആക്ഷന്‍ ഹീറോ ബിജു, 10 കല്‍പനകള്‍), ജനപ്രിയ നായകന്‍- ബിജു മേനോന്‍ (അനുരാഗ കരിക്കിന്‍വെള്ളം), ഹാസ്യ നടന്‍- സൗബിന്‍ ഷാഹിര്‍ (മഹേഷിന്റെ പ്രതികാരം), വില്ലന്‍ – ചെമ്പന്‍ വിനോദ് (കലി), നവാഗത സംവിധായകന്‍- ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം), നവാഗത പ്രതിഭകള്‍- ടൊവീനോ തോമസ്, അപര്‍ണ്ണ ബാലമുരളി, തിരക്കഥ- ശ്യാം പുഷ്കരന്‍, ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം), ഗായകന്‍- ഉണ്ണി മേനോന്‍ (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം), ഗായിക- വാണി ജയറാം (ആക്ഷന്‍ ഹീറോ ബിജു), സംഗീത സംവിധാനം – ബിജിപാല്‍ (മഹേഷിന്റെ പ്രതികാരം), ജനപ്രിയ ചിത്രം സംവിധാനം ചെയ്ത എബ്രിഡ് ഷൈനും, പ്രേതം, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് അജു വര്‍ഗീസിനും അവാര്‍ഡുകള്‍ ലഭിക്കും. വിനയ് ഫോര്‍ട്ട് (ക്‌സിമത്), നീരജ് മാധവ് (ഊഴം) എന്നിവര്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കമ്മിട്ടിപാടത്തിലെ അഭിനയ മികവിന് വിനായകന്‍ പ്രത്യേക പുരസ്കാരം നേടി. മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമയായ കൊച്ചൗവ്വ പൈലോ അയ്യപ്പ കൊയ്‌ലോയുടെ നിര്‍മ്മാതാവായ കുഞ്ചാക്കോ ബോബന് പ്രത്യേക പുരസ്കാരം ലഭിക്കും.

മലയാള ചലച്ചിത്രരംഗത്തെ തലമുതിര്‍ന്ന താരങ്ങളായ മധു, ഷീല എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിക്കും. അവാര്‍ഡ് ദാന ചടങ്ങിനു മുന്നോടിയായി ജൂലൈ 21-ന് ന്യൂയോര്‍ക്ക്- മന്‍ഹാട്ടനിലെ ഹഡ്‌സണ്‍ നദിയില്‍ ബോട്ട് ക്രൂയിസ് കര്‍ട്ടന്‍ റൈസര്‍ ഉണ്ടാകും. ജൂലൈ 23-ന് ചിക്കാഗോയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കും.