പ്ലാസ്റ്റിക് ബാഗിന് നികുതി ; നിയമം ഫെബ്രുവരി 1 ന് നിലവില്‍ വന്നു

07:34 pm 2/1/2017

– പി.പി. ചെറിയാന്‍
Newsimg1_76995477
ഷിക്കാഗോ : ഷോപ്പിങ്ങിനു പോകുമ്പോള്‍ ഇനി മുതല്‍ റീ യൂസബിള്‍ ബാഗ് കൂടി കരുതണമെന്നു നിയമം. ഷിക്കാഗോ സിറ്റിയിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ ഡിസ്‌പോസിബിള്‍ ബാഗ് ടാക്‌സ് നിലവില്‍ വന്നത്. പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയും അതു നീക്കം ചെയ്യുന്നത് സിറ്റിക്ക് വലിയ ബാധ്യത വരുത്തിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാഗ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു.

ശരാശരി 500 ഡിസ്‌പോസിബിള്‍ ബാഗാണ് സിറ്റിയിലെ ഒരാള്‍ ഉപയോഗിക്കുന്നത്.ഇന്നു മുതല്‍ ഗ്രോസറി സ്റ്റോറുകളിലെ ബാഗുകള്‍ ഉപയോഗിക്കണമെങ്കില്‍ ഓരോന്നിനും ഏഴ് സെന്റ് വീതം അധികം നല്‍കണം.ഇതില്‍ അഞ്ചു സെന്റ് സിറ്റിക്കും രണ്ടു സെന്റ് കടയുടമയ്ക്കുമാണ് ലഭിക്കുക. ടാക്‌സ് ഈടാക്കുന്നതിലൂടെ സിറ്റിയുടെ വരുമാനവും വര്‍ധിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ടാക്‌സ് നിലവില്‍ വന്ന് ആദ്യ ദിനം സിറ്റിയിലെ പന്ത്രണ്ട് ഹോള്‍ ഫുഡ്‌സ് സ്റ്റോറുകള്‍ ആയിരം പേര്‍ക്ക് റിയൂസബിള്‍ ബാഗുകള്‍ സൗജന്യമായി വിതരണം ചെയ്തു. ബുധനാഴ്ച സിറ്റിയില്‍ നിന്നും ഇത്തരത്തിലുള്ള ബാഗുകള്‍ വിതരണം ചെയ്തു. ഡിസ്‌പോസിബിള്‍ ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് സിറ്റി അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.