08:29 am 3/2/2017
മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം മാറ്റി. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ലേലമാണ് ഈ മാസം മൂന്നാം ആഴ്ചയിലേക്കു നീട്ടിയിരിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബിസിസിഐ തലപ്പത്ത് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം നടത്തിയ അഴിച്ചുപണിയും തീയതി നീട്ടുന്നതിനു കാരണമായി.
പുതിയ ലേല തീയതി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 20നും 25നും ഇടയിൽ ലേലം നടക്കുമെന്നാണു ഫ്രാഞ്ചെസികൾക്കു ലഭിച്ചിരിക്കുന്ന സൂചന. ഈ സീസണിലെ ഐപിഎൽ ടൂർണമെന്‍റ് ഏപ്രിൽ അഞ്ചു മുതൽ മേയ് 21 വരെ സംഘടിപ്പിക്കാൻ കഴിഞ്ഞ നവംബറിൽ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു.
ഐപിഎൽ നിയമാവലി പ്രകാരം മിക്ക മുതിർന്ന താരങ്ങൾക്കും ക്ലബ്ബുകളുമായുള്ള കരാർ ഈ വർഷത്തോടെ അവസാനിക്കും. അടുത്ത വർഷം മുതൽ സീനിയർ താരങ്ങളടക്കമുള്ളവരെ ഫ്രഞ്ചൈസികൾ ലേലത്തിൽനിന്നു സ്വന്തമാക്കേണ്ടിവരും.