റവ. റാണ്ടി ജയിക്കബിന്റെ നിര്യാണത്തില്‍ ബിഷപ്പ് മാര്‍ ഫീലക്‌സിനോസ് അനുശോചിച്ചു

08:11 pm 3/2/2017

– ഷാജി രാമപുരം
Newsimg1_31831572
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള നേറ്റീവ് അമേരിക്കന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കണ്ണിയും, അമേരിക്കയിലുള്ള നേറ്റീവ് ഇന്ത്യന്‍സിന്റെ ഇടയിലുള്ള ചോക്ക്ടൗ വിഭാഗത്തിന്റെ പ്രധാന ലീഡറും, ചോക്ക്ടൗ നേഷന്റെ കൗണ്‍സില്‍ മെംബറും, ഒക്ലഹോമയിലുള്ള മക്ഗീ ചാപ്പലിന്റെ വൈദീകനും ആയ റവ.റാണ്ടി ജേക്കബിന്റെ പെട്ടെന്നുണ്ടായ നിര്യാണത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ അനുശോചനം അറിയിച്ചു.

ജനുവരി 29 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒക്ലഹോമയിലെ ഹൈവേ 3 ല്‍ വെച്ചുണ്ടായ കാറപകടത്തില്‍ ആണ് റവ.റാണ്ടി ജേക്കബ് മരണപ്പെടുന്നത്. പരേതന്റെ 80 വയസ്സ് പൂര്‍ത്തീകരിക്കുന്നതിന്റെ ആഘോഷത്തിലായിരുന്നു കുടുംബാംഗങ്ങള്‍.ഫെബ്രവുരി 3 വെള്ളിയാഴ്ച വൈകീട്ട് 7 മുതല്‍ 9 വരെ ഒക്ലഹോമയിലെ ബ്രോക്കന്‍ ബൗവിലുള്ള ബ്രൂമിലി ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനവും, 4 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബ്രോക്കന്‍ ബൗവിലുള്ള അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ (1510 S Park Drive, Broke Bow.OK) സംസ്കാര ശുശ്രൂഷയും നടക്കുന്നതുമാണ്.2003 ല്‍ നേറ്റീവ് അമേരിക്കന്‍സിന്റെ ഇടയില്‍ മാര്‍ത്തോമ സഭ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാഭ്യാസപരമായും, ആത്മീയപരമായും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാന്‍ സാധിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

2013 ല്‍ കാറപകടംമൂലം മരണപ്പെട്ട പാട്രിക്കിന്റെ പേരിലുള്ള പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന പരേതന്റെ പെട്ടെന്നുള്ള നിര്യാണം.ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ്, ആര്‍.എ.സി. കമ്മറ്റിയുടെ പ്രസിഡന്റ് റവ.ഷൈജു പി.ജോണ്‍, ഓ.സി. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്കാര ചടങ്ങില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട് എന്ന് ചുമതലക്കാര്‍ അറിയിച്ചു.