ഫാ. ബിനു ഇടത്തുംപറമ്പില്‍ എംഎസ്എഫ്എസ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു

08:43 am 4/2/2017
Newsimg1_42636262
“അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’

ഫാദര്‍ ബിനു ഇടത്തുംപറമ്പില്‍ പുതിയൊരു പുസ്തകം രചിച്ചിരിക്കുന്നു: “അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’. ആരോഗ്യവും സന്തോഷവുമുള്ളൊരു ജീവിതം ഈശ്വരനും മറ്റുള്ളവരും നമ്മളും തമ്മിലുള്ള സ്‌നേഹബന്ധത്താല്‍ നിര്‍മ്മിതമാണ്. ഒറ്റപ്പെട്ട ജീവിതത്തിനായി സൃഷ്ടിക്കപ്പെട്ടവരല്ല നാം; പ്രത്യുത, ഈശ്വരനുമായും ഈശ്വരസൃഷ്ടികളായ സര്‍വതുമായും സമൂഹവുമായും ഒന്നു ചേര്‍ന്നുള്ള ജീവിതത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണു നാം. ഈ ത്രികോണബന്ധത്തിലേയ്ക്കു നമ്മെ ക്ഷണിക്കുന്ന ഈശ്വരനെപ്പറ്റിയുള്ളതാണീ പുസ്തകം.

ഫാദര്‍ ബിനു ഇടത്തുംപറമ്പില്‍ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (എം എസ് എഫ് എസ്) എന്ന മിഷണറി സഭാംഗമാണ്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും കേരളത്തിലായിരുന്നു. അദ്ദേഹത്തിനു സൈക്കോളജിയിലും ക്രിസ്തീയപഠനങ്ങളിലും മദ്രാസ് സര്‍വകലാശാലയുടെ മാസ്റ്റര്‍ ബിരുദങ്ങളുണ്ട്. ഫാമിലി തെറപ്പിയില്‍ സെയിന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡോക്ടറേറ്റും, മിസ്സൗറിസെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ചൈല്‍ഡ് ട്രോമയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും, സെന്റ് ലൂയിസ് സൈക്കോ അനലിറ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സൈക്കോഡൈനമിക് സൈക്കോതെറപ്പിയില്‍ ഉയര്‍ന്ന പരിശീലനവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. 2015ല്‍ ഫാദര്‍ ബിനു തന്റെ പ്രഥമപുസ്തകമായ “ദി ആക്‌സന്റ്: എക്‌സ്‌പ്ലോറിംഗ് ദ പാത്ത് ടു എ റിജുവനേറ്റിംഗ് ലൈഫ്’ പ്രകാശനം ചെയ്തിരുന്നു. അതു മാനുഷികബന്ധങ്ങളേയും ആത്മീയതയേയും കുറിച്ചുള്ളൊരു പുസ്തകമായിരുന്നു. ഇപ്പോഴദ്ദേഹം സെന്റ് ലൂയിസിലെ മിസ്സൗറി സര്‍വകലാശാലയില്‍ ട്രോമാ തെറപ്പിസ്റ്റായി പ്രവര്‍ത്തിക്കുന്നു. സെന്റ് ലൂയിസ് ആര്‍ച്ച് ഡയസീസില്‍ ഒരു അസ്സോസിയേറ്റ് പാസ്റ്ററുമാണദ്ദേഹം.

കാണാനിട വന്നിട്ടുള്ള വ്യക്തിജീവിതങ്ങളില്‍ വേദനയും ദുഃഖവും വളരെയധികം ഉള്ളതായി ഒരു വൈദികനും സൈക്കോതെറപ്പിസ്റ്റും എന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതാണു പുസ്തകങ്ങള്‍ രചിക്കാന്‍ തനിക്കു പ്രചോദനമായതെന്നു ഫാദര്‍ ബിനു പറഞ്ഞു. അദ്ദേഹം അവരിലെല്ലാം അടിസ്ഥാനപരമായ നന്മ കാണുന്നു. അതോടൊപ്പം ജീവിതം അതിന്റെ പൂര്‍ണരൂപത്തില്‍ തന്നെ അനുഭവിച്ചറിയാന്‍ അവര്‍ക്കുള്ള ആഗ്രഹവും ഫാദര്‍ തിരിച്ചറിയുന്നു. പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തിന്റെ സമ്പൂര്‍ണതയെ ആസ്വദിക്കാന്‍ അവര്‍ക്കാവുന്നില്ല. ആ വ്യക്തികളും അവരുടെ പ്രശ്‌നങ്ങളും വിശാലമായ ലോകത്തില്‍ നടക്കുന്നതിന്റെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. ജീവിതത്തേയും ലോകത്തേയും മറ്റൊരു കോണിലൂടെ നോക്കിക്കാണാന്‍ അവരെ സഹായിക്കാന്‍ വേണ്ടിയാണ് അദ്ദേഹം എഴുതുന്നത്. ജീവിതപ്രശ്‌നങ്ങളെ മറ്റു വിധത്തില്‍ കൈകാര്യം ചെയ്യാനും പരിഹരിക്കാനും അതവരെ സഹായിക്കും. അവര്‍ ആരൊക്കെയായിരുന്നാലും, എവിടെ നിന്നു വരുന്നവരായാലും, എങ്ങനെ കാണപ്പെടുന്നവരായാലും, ഈശ്വരന്‍ അവരെയെല്ലാം സ്‌നേഹിക്കുന്നുണ്ടെന്ന് അവരെപ്പോഴും സ്മരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഓരോരുത്തരും ഈശ്വരനും ഈശ്വരന്റെ സര്‍വസൃഷ്ടികളുമടങ്ങുന്ന വിപുലമായ കുടുംബത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. നാം ഈശ്വരനുമായും മറ്റുള്ളവരുമായും ഒന്നുചേര്‍ന്നാല്‍ നമ്മുടെ ഏറ്റവും നല്ല കഴിവുകള്‍ പുറത്തുകൊണ്ടുവരാനും, മറ്റുള്ളവര്‍ക്കു നാം ഒരനുഗ്രഹമായിത്തീരാനും നമുക്കാകുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.

ഫാദര്‍ ബിനുവിന്റെ പുസ്തകം ആമസോണ്‍, ബാണ്‍സ് ആന്റ് നോബിള്‍സ്, വിപ്ഫ് ആന്റ് സ്‌റ്റോക്ക് പബ്ലിഷേഴ്‌സ് എന്നിവരുടേയും മറ്റും പക്കല്‍ ലഭ്യമാണ്. പുസ്തകവില്പനയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സാമൂഹ്യസേവനത്തിനായി രൂപീകരിച്ചിട്ടുള്ള മിഷനുകളിലേയ്ക്കാണു പോവുക. താഴെ കൊടുക്കുന്ന ഈമെയില്‍ ഐഡിയിലൂടെ ഫാദര്‍ ബിനുവുമായി ബന്ധപ്പെടാവുന്നതാണ്: binuedat@gmail.com