അമേരിക്കയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ജി.എസ്.വി 2.4 ബില്യന്‍ ഡോളര്‍ മുടക്കും

08:00 pm 4/2/2017
– പി.പി. ചെറിയാന്‍
Newsimg1_7337915
ജോര്‍ജിയ: അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളില്‍ ആധുനിക രീതിയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്പോര്‍ട്സ് ഡവലപ്മെന്റ് കമ്പനിയായ ഗ്ലോബല്‍ സ്പോര്‍ട്സ് വെഞ്ചേഴ്സ് (Global Sport Venturex) 2.4 ബില്യണ്‍ ഡോളര്‍ മുടക്കും.ജനുവരി 30ന് കമ്പനി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ ക്രിക്കറ്റ് അസ്സോസിയേഷനുമായി ജി.എസ്.വി. ഠ20 ക്കുവേണ്ടി 70 മില്യണ്‍ ഡോളറിന്റെ ഒരു കരാര്‍ ഒപ്പിട്ടുട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.ലോകോത്തര നിലവാരത്തിലേക്ക് അമേരിക്കന്‍ ക്രിക്കറ്റിനെ ഉയര്‍ത്തുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും 2024 ല്‍ വേള്‍ഡ് ട്വന്റി ട്വന്റി മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ചു നടത്തുന്നതിന് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിച്ചു വരുന്നതായും പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍ ഡി.സി., ജോര്‍ജിയ, ഫ്ളോറിഡ, ടെക്സസ്, ഇല്ലിനോയ്സ്, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാന നിയമ സഭാംഗങ്ങളുമായി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിച്ചതായും പറയുന്നു. വിവിധ മേഖലകളില്‍ 17,800 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.സംസ്ഥാന ഭരണാധികാരികളില്‍ നിന്നും അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്ലോബല്‍ സ്പോര്‍ട്സ് വെന്‍ഞ്ചേഴ്സ് ഇന്ത്യന്‍ അമേരിക്കന്‍ ചെയര്‍മാന്‍ ജഗദീഷ് പാണ്ഡെ അറിയിച്ചു.