റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍.

08:20 am 5/2/2017
images
ചെന്നൈ: റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മലയാളികളായ നാല് സീനിയര്‍ വിദ്യാര്‍ഥികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുപ്പതി ദേശീയപാതക്ക് സമീപം പുതുചത്രത്തെ ഇന്‍റര്‍നാഷനല്‍ മാരിടൈം അക്കാദമിയിലാണ് സംഭവം. സ്വയംഭരണ സര്‍വകലാശാലയാണിത്.

മൂന്നാം വര്‍ഷ മാരിടൈം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ചെറുപുഴ സ്വദേശി അഖില്‍ രാമചന്ദ്രന്‍ (20), കൊച്ചി സ്വദേശി അഖില്‍ സെബാസ്റ്റ്യന്‍ (20), ലക്ഷദ്വീപ് സ്വദേശി ഫയാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെന്നൈ സെന്‍ട്രലിന് സമീപത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ അഖില്‍ രാമചന്ദ്രനെയും അഖില്‍ സെബാസ്റ്റ്യനെയും ശസ്ത്രക്രിയക്ക് വിധേയമാക്കി. ഫയാസിന്‍െറ പരിക്ക് ഗുരുതരമല്ല. അഖില്‍ രാമചന്ദ്രന് പിന്‍ഭാഗത്തേറ്റ കുത്ത് ഏഴ് സെന്‍റീമീറ്ററോളം ആഴമുള്ളതാണ്. വൃക്കയുടെ സമീപം വരെ മുറിവേറ്റിട്ടുണ്ട്. അഖില്‍ സെബാസ്റ്റ്യന്‍െറ വാരിയെല്ലിന് ഏറ്റ കുത്ത് ശ്വാസകോശ നാളിക്ക് സമീപം വരെ എത്തി. ശ്വാസകോശത്തിന് ചെറിയ പോറല്‍ ഏറ്റതായി സംശയമുണ്ട്.

ഇരുവരും അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളവേട് പൊലീസ് അറസ്റ്റ് ചെയ്ത നാലാം വര്‍ഷ വിദ്യാര്‍ഥികളായ അലിഫ്ഖാന്‍, വിധുന്‍, ലിബിന്‍, ജെറി ജോര്‍ജ് എന്നിവരെ തിരുവള്ളൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പ്രതികള്‍ മലപ്പുറം, തൃശൂര്‍, പത്തനംതിട്ട സ്വദേശികളാണ്. രണ്ടുവര്‍ഷം മുമ്പ് നടന്ന റാഗിങ് പരാതിയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

പരിക്കേറ്റ മൂന്നു പേരും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായിരിക്കെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന പ്രതികള്‍ റാഗ് ചെയ്തിരുന്നു. മാനേജ്മെന്‍റില്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് ഇവര്‍ക്ക് സസ്പെന്‍ഷനും രണ്ടു വര്‍ഷത്തേക്ക് കോളജ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പകരം വീട്ടുമെന്ന് പ്രതികള്‍ പല പ്രാവശ്യം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

പ്രതികളുടെ അവസാനദിവസത്തെ പരീക്ഷ നടന്ന കഴിഞ്ഞദിവസമാണ് കോളജ് കവാടത്തിന് മുന്നില്‍നിന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. തിരുവനന്തപുരം രജിസ്ട്രേഷന്‍ കാറില്‍ മാരകായുധങ്ങളുമായി എത്തിയായിരുന്നു അക്രമം അഴിച്ചുവിട്ടത്.