08:25am 5/2/2017
ബര്‍ലിന്‍: അഭയാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് സ്വമേധയാ തിരിച്ചുപോകുന്നതിന് ജര്‍മന്‍ സര്‍ക്കാര്‍ 400 ലക്ഷം യൂറോ വകയിരുത്തി. ജര്‍മനിയില്‍നിന്ന് തിരിച്ചുപോകുന്നതിനും സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിക്കുന്നതിനും അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും.
ഫെഡറേഷന് ഓഫിസ് ഫോര്‍ മൈഗ്രേഷനും(ബി.എ.എം.എഫ്), ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ സംഘടനയും (ഐ.ഒ.എം) ചേര്‍ന്നാരംഭിച്ച ‘സ്റ്റാര്‍ട്ട്ഹില്‍ഫ് പ്ളസ്’ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിക്കുകയെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
12 വയസ്സിനു മുകളിലുള്ള ഓരോ അഭയാര്‍ഥിക്കും 1,200 യൂറോ വീതമാണ് ലഭിക്കുക. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന തുകയുടെ പകുതി ലഭിക്കും. അപേക്ഷ നിരസിക്കപ്പെട്ടവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന പക്ഷം 1,700 യൂറോ വീതം ലഭിക്കും. നാല് അംഗങ്ങളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് അധിക തുക ലഭിക്കുന്നതാണ്.
സിറിയ, എറിത്രീയ, അഫ്ഗാനിസ്താന്, ഇറാഖ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ റഷ്യ, തുര്‍ക്കി, യുക്രെയ്ന് എന്നിവിടങ്ങളില്‍നിന്നുള്ളവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതായി ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സിര് വ്യക്തമാക്കി. 2016ല്‍ 55,000 പേരാണ് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയത്. ഈ വര്‍ഷം കൂടുതല്‍ അഭയാര്‍ഥികള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് ബി.എ.എം.എഫ് മേധാവി ജുത്ത കോര്‍ഡ് അഭിപ്രായപ്പെട്ടു. പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അഭയാര്‍ഥികളെ അവരുടെ രാജ്യങ്ങളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല, പകരം കുടിയേറ്റക്കാരെ അകറ്റിനിര്ത്താനുള്ളതാണ് പദ്ധതിയെന്നാണ് വിമര്‍ശനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ ജര്മനിയിലത്തെിയിരുന്നു.