ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. അനധികൃത സ്വത്തുസമ്പാദനകേസില്‍ ഒരാഴ്ചക്കകം സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. തമിഴ്നാടിന്‍െറ അധികചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ അറ്റോണി ജനറലിനോട് നിയമോപദേശം തേടി.
ഡല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച ചെന്നൈയിലത്തൊനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റി മുംബൈക്ക് പോയി. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ഒ. പന്നീര്‍സെല്‍വത്തിന്‍െറ രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ സംസ്ഥാനം ഭരണപ്രതിസന്ധിയിലായി.
അണ്ണാ ഡി.എം.കെയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്ത ഞായറാഴ്ച പന്നീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിച്ച ഗവര്‍ണര്‍, കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ പന്നീര്‍സെല്‍വത്തോട് നിര്‍ദേശിച്ചു.
മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കം തിങ്കളാഴ്ച രാത്രി വൈകിയും പുരോഗമിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ യാത്ര മാറ്റിയത്.
അണ്ണാ ഡി.എം.കെയെ വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്‍െറ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പറയുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജന് കോണ്‍ഗ്രസ് അനുഭാവിയാണ്. കോണ്‍ഗ്രസിന്‍െറ ദേശീയ നേതാക്കളുമായി നടരാജന് അടുത്ത ബന്ധമുണ്ട്. ഇത് മുന്നില്‍കണ്ടാണ് കേന്ദ്രനീക്കം.
നിലവിലെ മന്ത്രിമാര്‍ക്കു പുറമെ ജയലളിത അവഗണിച്ച സൊങ്കോട്ടയ്യന്‍, കുമാരഗുരു എന്നിവര്‍ ശശികല മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ സാധ്യത കല്പിച്ചിരുന്നു. പന്നീര്‍സെല്‍വത്തിന് ധനവകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പോയസ് ഗാര്‍ഡനിലത്തെി ശശികലയെ സന്ദര്‍ശിച്ചു. അണ്ണാ ഡി.എം.കെ എം.എല്‍.എമാരോട് അടുത്ത നാലു ദിവസം ചെന്നൈയില്‍ തങ്ങാന്‍ നിര്‍ദേശം നല്കി. അതേസമയം, ശശികലയെ വിമര്‍ശിച്ച് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയസ് ഗാര്ഡന് മുന്നിലത്തെി. ദീപയെ അനുകൂലിച്ച് പ്രകടനത്തിനൊരുങ്ങിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.

