സാനിയ മിര്‍സ കുട്ടികള്‍ക്കായി ടെന്നീസ് അക്കാഡമി ആരംഭിച്ചു.

10:01 am 7/2/2017

images (13)
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കുട്ടികള്‍ക്കായി ടെന്നീസ് അക്കാഡമി ആരംഭിച്ചു. എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാഡമിയാണു പുതിയതായി ആരംഭിച്ചത്. മൂന്നു മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് അക്കാഡമി ആരംഭിച്ചിരിക്കുന്നത്. 2013ല്‍ യുവതാരങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സാനിയ മിര്‍സ ടെന്നീസ് അക്കാഡമി (എസ്എംടിഎ) ആരംഭിച്ചിരുന്നു.

ഒരു ടെന്നീസ് താരമെന്ന നിലയില്‍ പരിശീലനത്തിനു താന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും കുട്ടിയായിരുന്നപ്പോള്‍ മികച്ച പരിശീലനത്തിനു എന്തു ചെയ്യണമെന്നു തനിക്കറിയില്ലായിരുന്നുവെന്നും സാനിയ പറഞ്ഞു. അക്കാഡമിയിലൂടെ മികച്ച പരിശീലനം നല്‍കുകയാണു ലക്ഷ്യമെന്നും ഇതിനായി എല്ലാ സഹായങ്ങളും ചെയ്യുമെന്നും അവര്‍ പറഞ്ഞു.

എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാഡമിയുടെ ആശയം തന്‍റെ അമ്മയുടെതാണെന്നും താന്‍ അതിനെ പിന്തുണച്ചതെയുള്ളുവെന്നും സാനിയ പറഞ്ഞു. കുട്ടികള്‍ക്കു തന്‍റെ അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കുകയായിരിക്കും പ്രധാന ലക്ഷ്യം. അടുത്ത സാനിയ മിർസ, മഹേഷ് ഭൂപതി, ലിയാൻഡർ പെയ്സ് എന്നിവര്‍ക്കാണു നാം കാത്തിരിക്കുന്നതെന്നും അതിനായുള്ള ചെറിയൊരു സംഭാവനയാണിതെന്നും സാനിയ പറഞ്ഞു.

സോഫ്റ്റ് ബോള്‍ ഉപയോഗിച്ചായിരിക്കും കുട്ടികളെ പരിശീലിപ്പിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി പല നിറത്തിലുള്ള ബോളുകളും ഉപയോഗിക്കും. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കുറച്ചു സമയം മാറ്റിവയ്ക്കുമെന്നും സാനിയ പറഞ്ഞു.