12:53 pm 7/2/2017
ചെന്നൈ: ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വിമർശിച്ച് കൂടുതൽ പാർട്ടി നേതാക്കൾ രംഗത്തെത്തി. ജയലളിതയുടെ മരണം സ്വാഭവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്നാട് മുൻ സ്പീക്കർ പി.എച്ച് പാണ്ഡ്യൻ രംഗത്തെത്തി. ജയലളിയുടെ മരണത്തിൽ ശശികലയുടെ പങ്ക് അന്വേഷണ വിധേയമാക്കണം. പോയസ് ഗാർഡനിൽ വെച്ച് തർക്കമുണ്ടാവുകയും ജയലളിതയെ പിടിച്ചുതള്ളിയതായും അദ്ദേഹം ആരോപിച്ചു.
ശശികല തന്നെ ഇല്ലാതാക്കുമെന്ന് ജയലളിതക്ക് ഭയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ കടന്നുവരവിനെ ശക്തമായി എതിർക്കുന്നു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുന്നതിനോ തമിഴ്നാട് മുഖ്യമന്ത്രിയാവുന്നതിനോയുള്ള ഗുണമേന്മ ശശികലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ വിയോഗദുഖത്തിൽ നിന്നും ഇപ്പോഴും മുക്തനാകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പദവികളൊന്നും വേണ്ടെന്നായിരുന്നു അമ്മയുടെ വിയോഗ സമയത്ത് ശശികല പറഞ്ഞിരുന്നത്. ജനറൽ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികല എന്തിനാണിത്ര ധൃതി കാണിക്കുന്നത്. താൽക്കാലിക ജനറൽ സെക്രട്ടറി പദവി തന്നെ ശരിയല്ലെന്നും പിന്നെ എങ്ങനെയാണ് ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. എം.ജി.ആർ മന്ത്രിസഭയിൽ സ്പീക്കറായിരുന്ന പാണ്ഡ്യൻ ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ്. ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത് താൻ ഇഷ്ടപ്പെടുന്നില്ളെന്ന് ഒരിക്കൽ ജയലളിത തന്നോട് പറഞ്ഞെന്ന് അവകാശപ്പെട്ട് പി.എച്ച് പാണ്ഡ്യൻെറ മകൻ മനോജ് പാണ്ഡ്യനും വെളിപ്പെടുത്തൽ നടത്തി.
പ്രതിഛായ ഭംഗമുള്ള ശശികല മുഖ്യമന്ത്രിയാകുന്നതിനെ പരിഹസിച്ച് തമിഴ് യുവതയും രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശമാണ് ശശികലയുടെ സ്ഥാനാരോഹണത്തിനെതിരെ വ്യാപിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ ചെപ്പോക്കിലെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ സെന്റിനറി ഓഡിറ്റോറിയത്തിൽ തകൃതിയായി നടക്കുകയാണ്. എന്നാൽ തീയതി സംബന്ധിച്ച് വ്യക്തത ഇനിയും ഉണ്ടായിട്ടില്ല