58 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്ത ലോഗന്‍ ആശുപത്രി വിട്ടു

08:24 pm 8/2/2017
– പി.പി. ചെറിയാന്‍
Newsimg1_38166422
ബേകേഴ്‌സ് ഫീല്‍ഡ് (കലിഫോര്‍ണിയ): 58 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്ത ലോഗന്‍ ആശുപത്രി വിട്ടു. ട്യൂമറുമായി വര്‍ഷങ്ങളോളം കിടക്കയില്‍ കഴിയേണ്ടി വന്ന റോജര്‍ ലോഗന്‍ (57) വിജയകരവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയ്ക്കുശേഷം ആശുപത്രി വിട്ടു. ജനുവരി 31ന് മേഴ്‌സി മെമ്മോറിയല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. രണ്ടു ദിവസത്തിനുശേഷം എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കനത്ത ഭാരവും പേറി കിടക്കയെ അഭയം പ്രാപിക്കേണ്ടി വന്ന ലോഗന്‍ ആദ്യമായി നടക്കാന്‍ കഴിഞ്ഞത്.

വെറും കൊഴുപ്പ് അടിഞ്ഞു കൂടിയതാണെന്ന് പറഞ്ഞു ഡോക്ടറന്മാര്‍ ശസ്ത്രക്രിയ ഒഴിവാക്കിയതാണ് ഇത്രയും വളരുവാന്‍ കാരണമായതെന്ന് ലോഗന്റെ സര്‍ജന്‍ ഡോ. വിപുല്‍ ദേവ് പറഞ്ഞു. സെന്‍ട്രല്‍ കലിഫോര്‍ണിയായിലുള്ള ആശുപത്രിയിലേക്ക് 2000 മൈല്‍ യാത്ര ചെയ്തത് കാര്‍ഗൊ വാനിന്റെ തറയില്‍ ലോഗന്‍ ഇരുന്നിരുന്ന ചെയര്‍ നട്ടും ബോള്‍ട്ടും വെച്ച് ഉറപ്പിച്ചതിനുശേഷമായിരുന്നു. വീടിനകത്ത് റിക്ലൈനറില്‍ കിടക്കുന്ന അതേ അവസ്ഥയിലാണ് ലോഗനെ ആശുപത്രിയില്‍ എത്തിച്ചത്. 40 മണിക്കൂറായിരുന്നു യാത്രയ്ക്കായി വേണ്ടി വന്നത്.

അമ്പത് ശതമാനം മാത്രമേ ജീവിതത്തിലേക്കു മടങ്ങി വരുന്നതിനുള്ള സാധ്യത ഉള്ളൂ എന്ന് ഡോക്ടറന്മാര്‍ പറഞ്ഞുവെങ്കിലും ലോഗന്റെ ഭാര്യയും സര്‍ജറിക്ക് സമ്മതപത്രം നല്‍കുകയായിരുന്നു.ആശുപത്രിയില്‍ നിന്നും തല്‍കാലം വീല്‍ ചെയറിലാണ് യാത്രയെങ്കിലും താമസമില്ലാതെ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു പ്രവര്‍ത്തന നിരതനാകാന്‍ കഴിയുമെന്നാണ് ലോഗന്റെ പ്രതീക്ഷ.