സഹപാഠികളുടെ മുന്നിൽവച്ച് അധ്യാപിക അഞ്ചു വയസുകാരിയുടെ തുണിയുരിഞ്ഞു.

07:45 pm 11/2/207

download

ബംഗളുരു: സഹപാഠികളുടെ മുന്നിൽവച്ച് അധ്യാപിക അഞ്ചു വയസുകാരിയുടെ തുണിയുരിഞ്ഞു. ബംഗളുരുവിലെ ഈസ്റ്റ് വുഡ് സ്കൂൾ വിദ്യാർഥിയായ അഞ്ചു വയസുകാരിക്കാണ് അധ്യാപികയുടെ പീഡനം നേടിടേണ്ടിവന്നത്. കുട്ടിയുടെ അമ്മ ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഈസ്റ്റ് വുഡ് സ്കൂളിൽ പഠിക്കുന്ന മകൾ സ്കൂളിൽ പോകില്ലെന്നു പറഞ്ഞ് വാശിപിടിച്ചിരുന്നു. തുടക്കത്തിൽ ഇത് കാര്യമായെടുത്തില്ലെങ്കിലും പിന്നീട് കാര്യം ആരാഞ്ഞപ്പോൾ അധ്യാപിക സ്ഥിരമായി മർദിക്കാറുണ്ടെന്നു കുട്ടി വെളിപ്പെടുത്തി. തുടർന്ന് കുട്ടിയെ അടിക്കരുതെന്ന് താൻ അധ്യാപികയോട് ആവശ്യപ്പെട്ടു. നാലു ദിവസത്തേക്ക് മർദനം അവസാനിപ്പിച്ചെങ്കിലും ഇതിനുശേഷം വീണ്ടും മർദനം തുടങ്ങി. തുടർന്ന് ഇതുസംബന്ധിച്ചു താൻ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും മർദിച്ചെന്ന ആരോപണം അവർ നിഷേധിച്ചു. എന്നാൽ മറുപടിയിൽ അടിക്കുകയല്ലാതെ കുട്ടികളെ നിലയ്ക്കു നിർത്താൻ മറ്റു മാർഗങ്ങളില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു.

പിന്നീട് കുട്ടിയെ അടിക്കുന്നത് അവസാനിപ്പിച്ച് അധ്യാപിക പുതിയ ശിക്ഷാരീതിയായി അഞ്ചു വയസുകാരിയെ തുണിയുരിഞ്ഞ് ക്ലാസിൽ നിർത്താൻ ആരംഭിച്ചു. മറ്റു കുട്ടികൾക്കു മുന്നിൽവച്ച് അഞ്ചുവയസുകാരിയെ കളിയാക്കുകയും ചെയ്തു. ശിക്ഷയുടെ അടുത്തഘട്ടമെന്ന നിലയിൽ നായ്ക്കൾക്കൊപ്പം ഇരുട്ടുമുറിയിൽ അടയ്ക്കുമെന്ന് അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതോടെ ഗതികെട്ട്, അവസാന പരീക്ഷ അടുത്തിരിട്ടുന്ന ഘട്ടത്തിലും കുട്ടിയെ സ്കൂൾ മാറ്റുകയായിരുന്നെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ കുറിപ്പെഴുതിയ അമ്മ ആരോപിക്കുന്നു. കുട്ടിയെ സ്കൂളിൽ ചേർക്കുന്പോൾ 50,000 രൂപ ഡൊണേഷനായി നൽകിയെന്നും ഈ പണം തിരിച്ചുലഭിക്കാൻ നിയമപരമായി നടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.

സംഭവത്തിൽ ആരോപണവിധേയായ അധ്യാപികയും ഈസ്റ്റ് വുഡ് സ്കൂൾ അധികൃതരും ഇതേവരെ പ്രതികരിച്ചിട്ടില്ല.