01:34 pm 13/2/2017

ബൗളിംഗിലെ ലോക റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ആര്‍ അശ്വിന്റെ ജൈത്രയാത്ര. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തിലാണ് ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്‌ക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. വെറും 45 മല്‍സരങ്ങളില്‍നിന്നാണ് അശ്വിന്റെ അനുപമമായ നേട്ടം. ടെന്നീസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. 48 മല്‍സരങ്ങളില്‍നിന്നാണ് ഡെന്നീസ് ലില്ലി 250 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് നായകന്‍ മുഷ്‌ഫിഖര്‍ റഹ്മാന്റെ വിക്കറ്റ് സ്വന്തമാക്കിക്കൊണ്ടാണ് അശ്വിന്‍ ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 2016 കലണ്ടര്‍ വര്‍ഷം 8 ടെസ്റ്റില്‍നിന്ന് 55 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 28 വിക്കറ്റും ന്യൂസിലാന്‍ഡിനെതിരെ 27 വിക്കറ്റും വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ 17 വിക്കറ്റുകളും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. വേഗതയില്‍ 250 വിക്കറ്റ് തികച്ച ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിനും ഡെന്നീസ് ലില്ലിക്കും പിന്നിലുള്ളത് മുത്തയ്യ മുരളീധരന്‍(51 ടെസ്റ്റ്), വഖാര്‍ യൂനിസ്(51), അനില്‍ കുംബ്ലെ(55) എന്നിവരാണ്.
