വെള്ളിത്തിരിയിലെ കമലാ സുരയ്യ ആരാകുമെന്ന ആകാംക്ഷകള്‍ക്ക് ഒടുവില്‍ വിരാമമായി. കമലാ സുരയ്യുടെ ജീവിതകഥ പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകും. മഞ്ജു വാര്യരുടെ അതേ പ്രായത്തിലുള്ളപ്പോഴുള്ള മാധവിക്കുട്ടിയുടെ ജീവിതമായിരിക്കും ആദ്യം ചിത്രീകരിക്കുകയെന്ന് കമല്‍ അറിയിച്ചതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസം കഴിഞ്ഞാവും, മധ്യവയസ്സിന് ശേഷമുള്ള കമലാ സുരയ്യയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഭാഗം ചിത്രീകരിക്കുക. കൗമാരകാലത്തിലുള്ള മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് പുതുമുഖമായിരിക്കും.
മാധവിക്കുട്ടിയായി വിദ്യാ ബാലന്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാ ബാലന്‍ പിന്‍മാറിയതോടെ ആമിയിലെ നായികയെ തബു അവതരിപ്പിക്കും എന്നും വാര്‍ത്തകള്‍ വന്നു. യുവനടി പാര്‍വതിയുടേയും പാര്‍വതി ജയറാമിന്റേയും പേരുകളും വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ മഞ്ജു വാര്യര്‍ക്കാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ നറുക്ക് വീണിരിക്കുന്നത്.

