വെള്ളപ്പൊക്ക ഭീഷണി: മാറ്റി താമസിപ്പിച്ചവര്‍ക്ക് ഗുരുദ്വാരയില്‍ അഭയം

8:33 am 16/2/2017

– പി.പി. ചെറിയാന്‍
Newsimg1_83590013
കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയ ഒറൊവില്ല ഡാം ഭീഷണിയെ നേരിടുന്ന സാഹചര്യത്തില്‍ അവിടെ നിന്നും മാറ്റിതാമസിപ്പിച്ചവര്‍ക്ക് അഭയം നല്‍കി സിക്ക് സമൂഹം മാതൃകയായി.ഗുരുദ്വാര സാഹിബ്ബ് സിക്ക് ടെംബിളിലെ വിശാലമായ രണ്ട് ഹാളുകളില്‍ 400 പേര്‍ക്കാണ് അഭയം നല്‍കിയിരിക്കുന്നതെന്ന് മാനേജര്‍ രണ്‍ജിത്ത് സിംഗ് പറഞ്ഞു.

സാമ്പത്തികമോ, ചികിത്സാ സൗകര്യമോ ആവശ്യമുള്ളവരെ സഹായിക്കുവാന്‍ സിക്ക് സമൂഹം സന്നദ്ധമാണെന്നും സിംഗ് പറഞ്ഞു.വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് 188000 പേരെയാണ് സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. സ്പില്‍ വേയിലൂടെ വെള്ളം പുറത്ത് കളയാന്‍ കഴിയുന്നില്ലെങ്കില്‍ ഡാം നിറഞ്ഞു കവിഞ്ഞു വ്യാപക നാശ നഷ്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്പില്‍ വേയിലുണ്ടായിട്ടുള്ള വലിയൊരു വിള്ളല്‍ അടക്കുന്നതിന് നൂറുകണക്കിന് ജോലിക്കാരാണ് പ്രവര്‍ത്തനനിരതരായിരിക്കുന്നത്.ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഡാമുകളും റോഡുകളും പുനര്‍ നിര്‍മിക്കുന്നതിന് പ്രസിഡന്റ് ട്രമ്പ് മുന്‍ഗണന നല്‍കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ണ്ണമായും നിറവേറ്റുമെന്നും, കാലിഫോര്‍ണിയായിലെ സംഭവവികാസങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച് വരികയാണെന്നും ട്രമ്പ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.