07:05 pm 16/2/2017
മൈസുരു: സഹപാഠിയുടെ 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ മൈസുരുവിലാണ് ഏഴാം ക്ലാസ് വിദ്യാർഥി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്.
മെടാഗള്ളി ശ്രീ ഭൈരവേശ്വര സ്കൂളിലാണ് 13കാരൻ പവൻ പഠിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച സഹപാഠിയുടെ 100 രൂപ മോഷ്ടിച്ച പവനെ അധ്യാപകർ പിടികൂടിയിരുന്നു. മോഷ്ടിച്ച പണത്തിൽ 30 രൂപ കുട്ടി ചെലവാക്കി. മോഷണ വിവരമറിഞ്ഞ അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 രൂപയും പവൻ സഹപാഠിക്കു തിരിച്ചുനൽകിയിരുന്നു. എന്നാൽ സ്കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി മോഷണ വിവരമറിയിച്ചു. വിവരമറിഞ്ഞ പിതാവ് പവനെ ശകാരിച്ചു. ഇതിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത്.
സ്കൂൾ അധികൃതർ കുട്ടിയെ അധിക്ഷേപിച്ചെന്നു കാട്ടി പവന്റെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടി പണം മോഷ്ടിച്ചെന്ന ആരോപണം ഇദ്ദേഹം നിഷേധിച്ചു.

