മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം

8:44 am 18/2/2017
Newsimg1_78224581
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തിലും, ലൈബ്രേറിയന്‍ ജയിംസ് പീറ്ററുടെ ചുമതലയിലും യൂത്ത് സേവന ദിനവും പുസ്തകമേളയും നടത്തപ്പെട്ടു.

ഇത് മാപ്പിന്റെ ചരിത്ര താളികളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു നൂതന പരിപാടിയാണ്. ആധുനിക കാലഘട്ടത്തില്‍ അന്യംനിന്നുപോകുന്ന വായനക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കുവാന്‍ ഈ പരിപാടിയിലൂടെ സാധിച്ചു. ഏകദേശം ആയിരത്തിലധികം പുസ്തകശേഖരം മാപ്പ് ലൈബ്രറിയിലുണ്ട്. യൂത്ത് സേവന ദിനത്തില്‍ പുസ്തകങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ കംപ്യൂട്ടറിലേക്ക് ചേര്‍ത്ത് ഡിജിറ്റല്‍ സിസ്റ്റത്തില്‍ കൊണ്ടുവരുന്നതിന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഹായിച്ചു. അന്നേദിവസം പങ്കെടുത്ത മുഴിവന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോളന്ററി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഏകദേശം ഇരുപത്തഞ്ചില്‍പ്പരം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത് ഈ നൂതന സംരംഭത്തില്‍ പങ്കെടുത്തു. മാപ്പിന്റെ വിപുലമായ പുസ്തകശേഖരം അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നു ജയിംസ് പീറ്റര്‍ ആഹ്വാനം ചെയ്തു. 2017-ലെ മാപ്പ് കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍), ജയിംസ് പീറ്റര്‍ (ലൈബ്രേറിയന്‍), സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ).