രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി.

7:30 am 20/2/2017
images (1)

വിക്ടോറിയ: ശ്രീലങ്കയ്ക്കെതിരേയ തുടർച്ചയായ രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി. അവസാന പന്തിൽ വിജയറണ്‍ കുറിച്ചാണ് ലങ്ക രണ്ട് വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ 173 റണ്‍സെടുത്തു. ലങ്ക 20 ഓവറിൽ 176 റണ്‍സ് അടിച്ച് ജയം കരസ്ഥമാക്കി. 84 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗുണരത്നയാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സര പരന്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്ലെയ്ഡിൽ നടക്കും.

56 റണ്‍സെടുത്ത മോയിസസ് ഹെന്‍റിക്സാണ് കങ്കാരുക്കളുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കുവേണ്ടി നുവാൻ കുലശേഖര നാലു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു തുടക്കത്തിലെ തിരിച്ചടിയേറ്റു. അഞ്ചിന് 40 റണ്‍സെന്ന നിലയിലേക്ക് കുപ്പുകുത്തിയ ശ്രീലങ്കയെ അരങ്ങേറ്റ മത്സരം കളിക്കുന്ന അസേല ഗുണരത്നയും ചമര കപുഗേദരയും ചേർന്നാണ് മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. സ്കോർ 92ൽ എത്തിയപ്പോൾ കപുഗേദര പുറത്തായെങ്കിലും ഗുണരത്ന ടീമിനെ വിജയത്തിലേക്കു നയിച്ചു. 46 പന്തിൽ ആറു ഫോറുകളും അഞ്ചു സിക്സറുകളും പായിച്ച ഗുണരത്ന 84 റണ്‍സെടുത്തു. ഓസീസിനു വേണ്ടി ജയിംസ് ഫോക്നർ രണ്ടു വിക്കറ്റ് സ്വന്തമാക്കി.