09:10 am 20/2/2017

ഹൈദരാബാദ്: ഹൈദരാബാദുകാരിയായ പി വി സിന്ധു ബാഡ്മിന്റണിലാണോ വോളിബോളിലാണോ ഒളിമ്പിക്സ് മെഡൽ നേടിയത്? സംശയം മറ്റാർക്കുമല്ല ഹൈദരാബാദ് എം എൽ എക്കാണ്. ഒരു സ്വകാര്യ ചടങ്ങിൽ ദേശീയ വോളിബോൾ താരമെന്നാണ് സിന്ധുവിനെ എംഎൽഎ മുംതാസ് അഹമ്മദ് ഖാൻ അഭിസംബോധന ചെയ്തത്. ഈ തെറ്റ് പറഞ്ഞുകൊടുത്തതാകട്ടെ തെലങ്കാന ഉപമുഖ്യമന്ത്രിയും.
കാര്യം പി വി സിന്ധു ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന കായികതാരമായിരിക്കാം.ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുണ്ടാകാം. പത്മശ്രീയും ഖേൽരത്നയും കിട്ടിയിട്ടുമുണ്ടാകാം.എന്നുകരുതി എല്ലാവരും അവരെ അറിയണമെന്നുണ്ടോ? അതും സ്വന്തം നാടായ ഹൈദരാബാദിന്റെ എം എൽ എക്ക്. ഇല്ലെന്നാണ് ചാർമിനാറിനടുത്ത് കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചടങ്ങ് വേദി തെളിയിച്ചത്. ഉപമുഖ്യമന്ത്രി മഹ്മൂദ് അലിയടക്കമുളള പ്രമുഖർക്കൊപ്പം സിന്ധുവും വേദിയിലുണ്ട്.എം എൽ എ മുംതാസ് ഖാൻ ഓരോരുത്തരെയായി അഭിസംബോധന ചെയ്തു തുടങ്ങി. സിന്ധുവിന്റെ പേര് പറഞ്ഞ് ,അവരുടെ കായിക ഇനം ഏതെന്നറിയാതെ ഉപമുഖ്യമന്ത്രിയോട് ചോദിച്ചു എംഎൽഎ. അദ്ദേഹം പറഞ്ഞുകൊടുത്തതുപോലെ പറയുകയും ചെയ്തു.
എംഎൽഎയുടെ അബദ്ധം ചെറുചിരിയിലൊതുക്കുകയല്ലാതെ സിന്ധു തിരുത്താനൊന്നും പോയില്ല. എന്തായാലും ഒരു കാര്യം വ്യക്തമായി. ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് തെലങ്കാന സർക്കാർ കോടികൾ സമ്മാനം നൽകിയ കായികതാരത്തെക്കുറിച്ച് ഉപമുഖ്യമന്ത്രിക്കും വലിയ പിടിയൊന്നുമില്ലെന്ന്.
