10:10 am 21/2/2017
ദുബൈ: അടയാളപ്പെടുത്തിയ നിശ്ചിത സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ പലപ്പോഴും പിഴ നല്‍കേണ്ടി വരാറുണ്ട്, എന്നാല്‍ നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും. റോഡ് മുറിച്ചു കടക്കല്‍ നിയമങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്‍െറ ഭാഗമായി ദുബൈ പൊലീസാണ് സമ്മാനം ഏര്‍പ്പെടുത്തുന്നത്.
തൊഴിലാളികളെ നിയമം പാലിക്കാന്‍ ശീലിപ്പിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍ക്കും സമ്മാനം നല്‍കും. 2020 ആകുമ്പോഴേക്കും റോഡപകട മരണങ്ങള് തീര്‍ത്തും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ പൊലീസ് ബോധവത്കരണം ഊര്‍ജിതമാക്കുന്നത്. തൊഴിലാളികാര്യ സമിതിയുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളില്‍ ക്ളാസുകളും ലഘുലേഖാ വിതരണവും സംഘടിപ്പിക്കുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു. റോഡ് മുറിച്ചു കടക്കവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ഹൈവേകളില്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗങ്ങളിലൂടെ ക്രോസ് ചെയ്യരുതെന്നും കര്‍ശനമായി നിര്‍ദേശം നല്‍കും.
മുന്‍വര്‍ഷങ്ങളേക്കാള്‍ നിയമലംഘനവും അപകടങ്ങളൂം വര്‍ധിച്ചുവരികയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് ബ്രിഗേഡിയര്‍ മസ്റൂഇ ചൂണ്ടിക്കാട്ടി. 2015ല്‍ റോഡ് നിയമം പാലിക്കാത്ത 64,620 കാല്നടക്കാര്ക്കെതിരെയാണ് നടപടിയുണ്ടായതെങ്കില്‍ 2016ല്‍ 77,000 ആയി നിയമലംഘനം ഉയര്‍ന്നു. 2015ല്‍ 33 പേരാണ് വാഹനമിടിച്ച് മരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 49 ആയി.