07:52 am 23/2/2017

ഇന്ത്യയിൽനിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ബ്രിട്ടനിൽ പൊതുപരിപാടികളിൽ. ഫോർമുല വൺ കാർ റെയ്സിൽ തന്റെ ടീമായ സഹാറ ഫോർസ് ഇന്ത്യയുടെ പുതിയ കാർ പുറത്തിറക്കുന്ന ചടങ്ങിലാണ് മല്യ പങ്കെടുത്തത്. മല്യയും ഫോർമുല വൺ താരങ്ങളായ സെർജിയോ പെരസും എസ്തബാൻ ഒക്കോനും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഫോർമുല വണ്ണിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ സിൽവർസ്റ്റേൺ റേസിംഗ് സർക്യൂട്ടിൽ ബുധനാഴ്ചയായിരുന്നു കാർ പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം, ഇന്ത്യ ആവശ്യമായ രേഖകൾ കൈമാറിയാൽ മല്യയെ കൈമാറാമെന്ന് ബ്രിട്ടൻ അറിയിച്ചിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന അഭ്യര്‍ഥന വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വാഗ്ദാനം. 9000 കോടി രൂപ വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ച് കഴിഞ്ഞ വർഷമാണ് മല്യ രാജ്യംവിട്ടത്.
രാജ്യംവിടാൻ മല്യയെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകൾ ഉൾപ്പെട്ട കണ്‍സോർഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോഴേയ്ക്കും മല്യ രാജ്യംവിട്ടു. ഇന്ത്യയിൽ മല്യക്കെതിരേ നിരവധി അറസ്റ്റ് വാറന്റുകൾ നിലവിലുണ്ട്.
