സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്.

01:14 pm 26/2/2017

download (6)
കൊച്ചി: അക്രമത്തെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്. ചില സ്ത്രീവിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. ഇനി അത്തരം സിനിമകളില്‍ താൻ അഭിനയിക്കില്ലെന്നും ‘കറേജ്’ എന്ന തലക്കെട്ടോടെയുള്ള പൃഥ്വിയുടെ പോസ്റ്റിൽ പറയുന്നു. അമ്മക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്‍റേടത്തിനും വീണ്ടും സാക്ഷിയായെന്നും അവൾ്ക്ക തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി.

തന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ അനുവദിക്കില്ല. താനൊരു നടനാണ്. സദാചാര ബോധമില്ലാത്ത കഥാപാത്രങ്ങള്‍ സിനിമയിൽ ഇനിയും ചെയ്യും. പക്ഷെ അത്തരം കഥാപാത്രങ്ങളെ വാഴ്ത്താനോ ന്യായീകരിക്കാനോ ഒരിക്കലും അനുവദിക്കില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനിമേല്‍ പറയില്ല. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്‍റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താൻ തലകുനിക്കുന്നു. അസമാന്യമായ ധൈര്യമാണ് ആക്രമണത്തിന് ഇരയായ നടിയുടേതെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പുതിയ സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുക്കാനായി ഫോർട്ട് കൊച്ചിയിലെ സെറ്റിൽ എത്തിയതു മുതൽ സോഷ്യൽ മീഡിയയയിലൂടെയും ചാനലുകളിലൂടെയും അഭിനന്ദന പ്രവാഹമാണ് അക്രമത്തിനിരയായ നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായ സിനിമയുടെ ചിത്രീകരണമാണ് കൊച്ചിയിൽ നടക്കുന്നത്. പൃഥ്വിരാജിനോടൊപ്പം ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പൊലീസിന്‍റെ നിർദേശ പ്രകാരം തീരുമാനം മാറ്റുകയായിരുന്നു.