ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്ക് പരിക്ക്

08:16 pm 26/2/2017

– പി.പി. ചെറിയാന്‍
Newsimg1_59734108
ന്യൂ ഓര്‍ലിയന്‍സ്: ന്യൂഓര്‍ലിയന്‍സിലെ മര്‍ഡി ഗ്രാസ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പേരു വെളിപ്പെടുത്താത്ത ഒരു യുവാവ് ഓടിച്ചിരുന്ന പിക് അപ്പ് രണ്ടു കാറുകളുമായി കൂട്ടിയിടിച്ചതിനു ശേഷമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. 3 വയസ്സു മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരാണ് പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതെന്നു പോലീസ് ചീഫ് മൈക്കിള്‍ ഹാരിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിക്കേറ്റവരില്‍ ഒരു വനിതാ പോലീസ് ഓഫീസറും ഉള്‍പ്പെടുന്നുവെന്നു ചീഫ് പറഞ്ഞു. പരിക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചു പ്രഥമ ചികിത്സ നല്‍കി. പിക്കപ്പ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഇതൊരു ഭീകരാക്രമണത്തിന്റെ ഭാഗമായി കരുതുന്നില്ലെന്നു പോലീസ് ചീഫ് കൂട്ടിച്ചേര്‍ത്തു. ഈസ്റ്റേണ്‍ സമയം രാത്രി 7.42-നായിരുന്നു സംഭവം. സംഭവസ്ഥലം പോലീസ് വളഞ്ഞതായും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.