11:44 am 3/3/2017
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോഅമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിനു നടക്കും. ന്യൂയോര്‍ക്കിലെ ആന്റന്‍സില്‍ ( 244 W Old Coutnry Road, Hicksville) വൈകുന്നേരം ആറിന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പദ്മശ്രീ പുരസ്കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ആദരിക്കും. നാസു കൗണ്ടി കംപ്‌ട്രോളര്‍ ജോര്‍ജ് മര്‍ഗോസ് മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മൊഹപത്ര അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഡോ. വി.കെ. രാജു, ഡോ. ലീല രാജു എന്നിവരുടെ ‘ മ്യൂസിംഗ്‌സ് ഓണ്‍ മെഡിസിന്‍,മിത് ആന്റ് ഹിസ്റ്ററിഇന്ത്യാസ് ലഗസി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ചടങ്ങില്‍ സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ആന്റ് എത്‌നിക് മീഡിയ കോഡയറക്ടര്‍ ജഹാംഗീര്‍ ഘട്ടക് മുഖ്യപ്രഭാഷണം നടത്തും.
2017 ലെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഇന്ത്യന്‍ പനോരമ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ (പ്രസിഡന്റ്), കോളമിസ്റ്റും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്ററുമായ കോരസണ്‍ വര്‍ഗീസ് (എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്), എഴുത്തുകാരനും കോളമിസ്റ്റുമായ ജെയിംസ് കുരീക്കാട്ടില്‍, വൈഫൈറിപ്പോര്‍ട്ടര്‍ എഡിറ്റര്‍ മിനി നായര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍ അനില്‍ മാത്യു, എഴുത്തുകാരി ത്രേസ്യാമ നാടാവള്ളിയില്‍ (വൈസ് പ്രസിഡന്റുമാര്‍), ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ഈപ്പന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി), അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ തമ്പാനൂര്‍ മോഹനന്‍, എഴുത്തുകാരന്‍ അരുണ്‍ഹരി, ഫോട്ടോഗ്രാഫര്‍മാരായ ഫിലിപ്പ് മാരേറ്റ്, ലിജോ ജോണ്‍ (സെക്രട്ടറിമാര്‍), ബിജു ചാക്കോ (ട്രഷറര്‍), സജി ചാക്കോ ( ജോയിന്റ് ട്രഷറര്‍), ജിനു ആന്‍ മാത്യു (പിആര്‍ഒ), രൂപ്‌സി അരൂള (നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍) തുടങ്ങിയവരാണ് സ്ഥാനമേല്‍ക്കുന്നതെന്നു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ അറിയിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം പര്‍വീണ്‍ ചോപ്രയില്‍ നിന്നും ഇന്ദ്രജിത്ത് സലൂജ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ന്യൂജേഴ്‌സിയിലെ സ്ട്രീറ്റ് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സ്കിറ്റ്, കല്‍പ്പിത ചാകോട്ട് അവതരിപ്പിക്കുന്ന ക്ലാസിക്ക് ഡാന്‍സ്, കൂടാതെ സെന്റ് ജോണ്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ബാന്‍ഗ്ര, സൂര്യമക്കാര്‍ അവതരിപ്പിക്കുന്ന ദോല്‍ എന്നിവ അരങ്ങേറും.
പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമസമൂഹത്തിന്റെ ശബ്ദമായി മാറിയ ഐഎപിസി 2013ലാണ് രൂപീകരിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലുമായി 8 ചാപ്റ്റുകളാണ് ഐഎപിസിക്കുളളത്. ആരംഭഘട്ടം കനത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള പ്രസ്ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയായം മറികടക്കാനായി. രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ് നടത്തിക്കൊണ്ടാണ് ഐഎപിസി മാധ്യമസമൂഹത്തില്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍വര്‍ഷങ്ങളിലും പ്രമുഖമാധ്യമപ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് അമേരിക്കന്‍ മണ്ണില്‍ അന്താരാഷ്ട്രമാധ്യമസമ്മേളനം നടത്താനായത് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണ്.
അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരുടെയും സമൂഹത്തിന്റെയും ക്ഷേമം ലക്ഷ്യംവച്ചുള്ള പ്രസ്ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ യാതൊരുപ്രതിസന്ധിയേയും വകവയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിക്കുന്നത് ഇതിലെ അംഗങ്ങളുടെ പ്രവര്‍ത്തനമികവും കൊണ്ടും ഐഎപിസിയുടെ ഉദ്ദേശ ശുദ്ധി തിരിച്ചറിഞ്ഞ് സ്‌പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിക്കുന്ന സമൂഹത്തിലെ നന്മനിറഞ്ഞ വ്യക്തികളുടെ സഹകരണം കൊണ്ടുകൂടിയാണെന്നു ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. ഐഎപിസി രൂപീകൃതമായ ശേഷം അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജോലി കൂടുതല്‍ പ്രഫഷണലാക്കുവാന്‍ സാധിച്ചു. ഒപ്പം, മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ സഹായം എത്തിക്കാനായിയെന്നതും ഐഎപിസിയുടെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്.