08:34 am 4/3/2017
ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. പ്രഫഷണല്‍ നെറ്റ്വര്ക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പിലാണ് ജീവിതത്തിലെ തന്റെ രണ്ടാം ഇന്നിംഗ്സിനെക്കുറിച്ച് സച്ചിന് വിശദീകരിക്കുന്നത്. 2013 ഒക്ടോബറിലാണ് വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്റെ മനസില്‍ ആദ്യം ഉണ്ടായതെന്ന് കുറിപ്പില്‍ സച്ചിന് പറയുന്നു.
2013 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിനിടെ ആയിരുന്നു അത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. 24 വര്‍ഷമായുള്ള ശീലമായിരുന്നു അത്. ജിമ്മിലെ വര്‍ക്കൗട്ട് ക്രിക്കറ്ററെന്ന നിലയില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ ആ ദിവസം രാവിലെ എഴുന്നേറ്റ് ജിമ്മിലേക്ക് പോകാന്‍ എനിക്ക് എന്തോ ഒരു മടി തോന്നി. ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കാന് നിര്ബന്ധിക്കപ്പെടുന്നതുപോലെ. അതൊരു സൂചനയായിരുന്നു. എന്തുകൊണ്ടാവും എനിക്ക് അത്രമേല്‍ പ്രിയപ്പെട്ട കാര്യം ചെയ്യുന്നതിന് എനിക്ക് ആദ്യമായി മടിതോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട കളി എനിക്ക് മതിയായോ എന്ന ചിന്ത അന്നാദ്യമായി എന്റെ മനസിലുണ്ടായി. ക്രിക്കറ്റും ജിമ്മിലെ വര്‍ക്കൗട്ടുമൊന്നും എന്റെ നിത്യജീവിതത്തിന്റെ ഭാഗമല്ലാതാകുന്നതുപോലെ.
ക്രിക്കറ്റില്‍ എന്റെ മാതൃകാപുരുഷനായ സുനില്‍ ഗവാസ്കര്‍ എന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹം എങ്ങനെയാണ് വിരമിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന്. ഒരു ടെസ്റ്റ് മത്സരത്തിനിടെ ലഞ്ച്, ടീ ബ്രേക്കുകള്‍ക്കായി ഇനിയും എത്രസമയമുണ്ടെന്ന് വാച്ചില്‍ പരിശോധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് എന്തിനാണ് താന്‍ ഇങ്ങനെ സമയം നോക്കുന്നതെന്ന ചിന്ത ഉണ്ടായതെന്ന്. അതൊരു സൂചനയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ തന്നെയായിരുന്നു എന്റെ ശരീരവും മനസും എന്നോടു പറഞ്ഞതും. കുറച്ചുവര്‍ഷം മുമ്പ് വിംബിള്‍ഡണില്‍ ബെല്ലി ജീന്‍ കിംഗ് പറഞ്ഞ വാചകങ്ങളും ഞാന്‍ ഓര്‍ത്തു. നിങ്ങള്‍ എപ്പോള്‍ വിരമിക്കണമെന്ന് തിരുമാനിക്കുന്നത് മറ്റുള്ളവരല്ല. നിങ്ങളുടെ മനസും ശരീരവുമാണ്. അത് നിങ്ങളുടെ ഉള്ളില്‍ നിന്നുതന്നെ വരണം.
ക്രീസിലേക്ക് വരുമ്പോള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന സച്ചിന് സച്ചിന് വിളികള്‍ വിവരാണതീതമായൊരു വികാരവും ഊര്‍ജ്ജവുമാണ് എന്നിലുണ്ടാക്കിയിരുന്നത്. ഇനി അത് കേള്‍ക്കാനാവില്ല. അതിന് ഞാന്‍ തയാറാണോ എന്ന് ഞാന്‍ എന്റെ മനസിനോട് തന്നെ ചോദിച്ചു. ഇക്കാര്യം ഞാന്‍ എന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചു. അതോടെ ഞാന്‍ ആ വലിയ തീരുമാനത്തിലെത്തി. വര്‍ഷങ്ങള്‍ എന്റെ മുമ്പിലൂടെ മിന്നായംപോലെ കടന്നുപോയി. ജയങ്ങള്‍, തോല്‍വികള്‍, ആഘോഷങ്ങള്‍, വെല്ലുവിളികള്‍, നിശബ്ദദ, ഒടുവില്‍ സ്വപ്നസാക്ഷാത്കാരമെന്നപോലെ 2011ലെ ലോകകപ്പ് വിജയം. ടീം അംഗങ്ങള്‍ക്ക് ആ കപ്പ് എനിക്ക് സമര്‍പ്പിച്ചത്, അങ്ങനെ എല്ലാം. തന്റെ ജീവതത്തിലെ ആദ്യ ഇന്നിംഗ്സില്‍ സ്വപ്നങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ രണ്ടാം ഇന്നിംഗ്സ് പരിപൂര്‍ണ സംതൃപ്തിക്കുവേണ്ടിയാണ് മാറ്റിവെച്ചതെന്നും സച്ചിന് പറയുന്നു.