ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒ. പന്നീര്‍സെല്‍വം

08:39 am 4/3/2017

images (3)
ചെന്നൈ: ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ജയലളിതയെ ചികിത്സിച്ച ചില ഡോക്ടര്‍മാര്‍ തന്നെ കണ്ടിരുന്നുവെന്നും അതിനുശേഷമാണ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കും കുടുംബത്തിനുമെതിരെ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചീപുരം ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘനാളായി രോഗബാധിതയായിരുന്നില്ല അവര്‍. പെട്ടെന്നായിരുന്നു മരണം. ജയലളിതയുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം.

അന്വേഷണം പ്രഖ്യാപിക്കുന്നില്ളെങ്കില്‍ മാര്‍ച്ച് എട്ടിന് വൈകുന്നേരം അഞ്ച് മുതല്‍ താനും അനുയായികളും നിരാഹാരസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ചികിത്സക്കായി ജയലളിതയെ അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ കൊണ്ടുപോകുന്ന വിഷയം പലവട്ടം ഉയര്‍ത്തിയതാണ്. താനും മുതിര്‍ന്ന മന്ത്രിമാരും അമ്മയെ വിദേശത്തേക്ക് ചികിത്സക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.വിദേശയാത്രക്ക് ആരോഗ്യസ്ഥിതി അനുവദിക്കുമോയെന്ന് ഡോക്ടര്‍മാരോടും ചോദിച്ചു. കഴിയുമെന്നാണ് അവരും പറഞ്ഞത്. എന്നാല്‍, അനുമതി ലഭിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു.