ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല.

08:00 pm 4/3/2017

ദില്ലി: ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉച്ചക്കഞ്ഞി പദ്ധതി പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി.
കുട്ടികള്‍ക്ക് മാത്രമല്ല, പാചകക്കാര്‍ക്കും സഹായികള്‍ക്കും കൂടി ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
ജമ്മു കശ്മീര്‍, മേഘാലയ, ആസാം എന്നിവിടങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ 30 നകം എല്ലാ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടാവണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
ട്രെയിന്‍ ടിക്കറ്റിനടക്കം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് ഉച്ചക്കഞ്ഞി പദ്ധതിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.