പരിസ്ഥിതിലോലമാക്കിയവര്‍ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: വി.സി.സെബാസ്റ്റ്യന്‍.

07:33 pm 5/3/2017

Newsimg1_47734569

തൊടുപുഴ: അധികാരത്തിലിരുന്ന നാളുകളില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജന്‍സികള്‍ക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനിന്നവരും ഇപ്പോള്‍ പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിരിക്കുന്നത് അപഹാസ്യമാണെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ച് നടുക്കടലിലേയ്ക്ക് വലിച്ചെറിഞ്ഞത് യുപിഎ സര്‍ക്കാരാണ്. ഇക്കാലയളവില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും രാഷ്ട്രീയനാടകങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കുകയായിരുന്നു. കര്‍ഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കര്‍ഷകപാര്‍ട്ടികളും അധികാരസുഖത്തില്‍ മലയോരജനതയെ മറന്നു. ഇവരെല്ലാമിപ്പോള്‍ അന്തിമവിജ്ഞാപനത്തിനായി മുറവിളികൂട്ടുന്നതിനു പിന്നിലുള്ള രാഷ്ട്രീയകുതന്ത്രം പശ്ചിമഘട്ട ജനതയ്ക്കറിയാം. ഇന്നലകളില്‍ ചെയ്ത തെറ്റിനും ജനദ്രോഹത്തിനും പരസ്യമായി ക്ഷമാപണം നടത്തുകയാണ് ഇക്കൂട്ടര്‍ ആദ്യമായി ചെയ്യേണ്ടത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിലെ രണ്ടാമനുള്‍പ്പെടെ എട്ടുമന്ത്രിമാര്‍ അധികാരത്തിലിരുന്നപ്പോള്‍ അടിച്ചേല്‍പ്പിച്ച ഇഎസ്എയ്‌ക്കെതിരെ ഇന്നലെവരെ ചെറുവിരലനക്കാതെ ഓച്ഛാനിച്ചു നിന്നവര്‍ സര്‍ക്കാരിനെതിരെ വാളോങ്ങുന്നതില്‍ എന്തര്‍ത്ഥമെന്ന് വി.സി.സെബാസ്റ്റ്യന്‍ ചോദിച്ചു.

കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി പശ്ചിമഘട്ടജനത അനുഭവിക്കുന്ന ജീവിതപ്രതിസന്ധിയാണ് അതിരൂക്ഷമായി ഇന്നും തുടരുന്നത്. രണ്ടാം കരടുവിജ്ഞാപനത്തിനെത്തുടര്‍ന്ന് അന്തിമവിജ്ഞാപനം അട്ടിമറിക്കപ്പെടുമെന്ന് ഇന്‍ഫാം മാസങ്ങള്‍ക്ക് മുമ്പ് സൂചിപ്പിച്ചപ്പോള്‍ പലരും നിസാരമായി കണ്ടു. ഇപ്പോള്‍ ചിലര്‍ നടത്തുന്ന കോലാഹലങ്ങളില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ അത്ര വിഡികളല്ല മലയോരജനത. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന രാഷ്ട്രീയ കാപഠ്യവും അവസരവാദനിലപാടുകളും പശ്ചിമഘട്ടജനതയ്ക്കുമുമ്പില്‍ വിലപ്പോവില്ല.

യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തള്ളിക്കളയണമെന്നാണ് ഇന്‍ഫാമിന്റെ നിലപാട്. ഇ.എസ്.എ.യുടെ അടിസ്ഥാനഘടകം വില്ലേജാണെന്നാണ് കേന്ദ്രസര്‍ക്കാരും ലോകപൈതൃകസമിതിയും പലതവണ വ്യക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യാന്തര ലിഖിതനിയമവുമാണ്. വില്ലേജിനുള്ളിലുള്ള ചതുപ്പുനിലങ്ങളും പാറക്കൂട്ടങ്ങളും ഇ.എസ്.എ.യായി കണക്കാക്കുമ്പോള്‍ ആ വില്ലേജുതന്നെ പരിസ്ഥിതിലോലവില്ലേജായി മാറുകയാണ്. ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നമ്മെ വന്‍ചതിക്കുഴിയിലേയ്ക്കാണ് തള്ളിയിട്ടതെന്നുള്ളത് മലയോരജനത തിരിച്ചറിയണം. കോട്ടയം ജില്ലയിലെ നാലുവില്ലേജുകള്‍ പരിസ്ഥിതിലോലത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇന്‍ഫാം പലതവണ സൂചിപ്പിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശകളില്‍പെടുന്ന കേരളത്തിലെ 123 വില്ലേജുകള്‍ തത്വത്തില്‍ പരിസ്ഥിതിലോലമായി അംഗീകരിച്ചുകൊണ്ട് പരിസ്ഥിതിസംരക്ഷണ ആക്ട് 1986 സെക്ഷന്‍ 5 പ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ല്‍ ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവ് ഇപ്പോള്‍ നിലനില്‍ക്കുകയാണ്. കരടുവിജ്ഞാപനത്തേക്കാളും സര്‍ക്കാര്‍ നടപടികളിലും കോടതി വ്യവഹാരങ്ങളിലും ലോകപൈതൃകസമിതിയിലും ഈ ഉത്തരവിനാണ് പിന്‍ബലം.അതുകൊണ്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുടന്തന്‍ ന്യായങ്ങളുമായി അന്തിമവിജ്ഞാപനം അനന്തമായി നീട്ടുന്നത്.

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളുന്ന വില്ലേജുകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കി സംരക്ഷിത വനമേഖല മാത്രം ഇ.എസ്.എ.യില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സ്വാഗതാര്‍ഹമാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും പശ്ചിമഘട്ടജനതയുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ വിഘടിച്ചുനിന്ന് പ്രക്ഷോഭം നടത്താതെ ഒറ്റക്കട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകണമെന്നും കാലങ്ങളായി തുടരുന്ന ഈ ജനകീയ പ്രശ്‌നത്തിന്റെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍,
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം