10:02 pm 6/3/2017
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി റീജിയണുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷങ്ങള്‍ മാര്‍ച്ച് പതിനൊന്നിനു ശനിയാഴ്ച വൈകുന്നേരം റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ നടത്തുന്നു.
മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യകലാസാംസ്കാരികമേഖലകളില്‍ സ്ത്രീകള്‍ വരിച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിനു വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപ്രധാനമായ വിമന്‍സ് റാലി, വനിതാദിനം എന്ന ആശയത്തിന് മുന്നോടിയായി. തുടര്‍ന്നു് 1911 ലാണ് വിവിധരാജ്യങ്ങളിലായി ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേയ്ക്ക് തുടക്കംകുറിച്ചത്. ഒരു നൂറ്റാണ്ട് തികഞ്ഞപ്പോള്‍ 2011 മാര്‍ച്ച് മാസം വിമന്‍സ് ഹിസ്റ്ററി മാസം ആയി ആചരിച്ചു.
‘Be Bold for Change എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്രവനിതാദിനത്തിന്റെ ആശയം. ഈ വിഷയത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള വനിതകള്‍ ഒത്തുചേരുമ്പോള്‍ അതില്‍ ഭാഗവാക്കാകുവാന്‍ കഴിയുന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുന്നെ് ഫോമാ വിമന്‍സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
മാര്‍ച്ച് പതിനൊന്നിനു ശനിയാഴ്ച വൈകുന്നേരം 5.30നു ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസില്‍ നടത്തുന്ന സമ്മേളനത്തില്‍ വിവിധതുറകളില്‍ മികവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭവനിതകള്‍ പ്രഭാഷണം നടത്തും. പ്രശസ്തനര്‍ത്തകിയും, കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്ട്‌സ് സാരഥിയുമായ ഗുരു ബീനാമേനോന്‍, കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റും, വാഗ്മിയുമായ ഡോ. നിഷാ പിള്ള, മെറ്റ് ലൈഫ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ലീനാ ജോണ്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലോണാ ഏബ്രഹാം, “അക്കരക്കാഴ്ചകള്‍’ എന്ന സീരിയലിലൂടെ ലോകമലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സജിനി സക്കറിയ, പ്രോജക്ട് മാനേജറും ജേര്‍ണലിസ്റ്റുമായ രേഷ്മാ അരുണ്‍ എന്നിവരാണ് ഈ പരിപാടിയിലെ മുഖ്യപ്രഭാഷകര്‍.
ഈ സംരംഭത്തില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഫിലാഡല്‍ഫിയ ഏറിയായിലുള്ള എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സാറാ ഈശോ: 845 304 4606, രേഖാ നായര്‍ : 347 885 4886, ലോണാ ഏബ്രഹാം 917 297 0003, ഷീല ശ്രീകുമാര്‍ 732 925 8801, ബെറ്റി ഉമ്മന്‍ 914 523 3593, റോസമ്മ അറയ്ക്കല്‍ : 718 619 5561, ലാലി കളപ്പുരയ്ക്കല്‍: 516 232 4819, രേഖാ ഫിലിപ്പ്: 267 519 7118.