എന്‍റെ രക്ഷകന്‍: ബൈബിള്‍ കാഴ്ച്ചകളുടെ പുതുവായന

07:49 am 7/3/2017
– കുര്യന്‍ തോമസ് കരിമ്പനത്തറയില്‍
Newsimg1_4608827
ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു എങ്ങനെയാണ് യൂറോപ്യനായത്? അധികാരനഷ്ടം ഭയന്ന് ശിശുഹത്യക്കിറങ്ങിയ ഹെരോദാവിനും കംസനും ഒരേ ഉടയാടകള്‍ ഇണങ്ങുമോ? ദുര്‍നടപ്പുകാരിയായ ശമരിയാക്കാരിയുടെ വാക്കുകള്‍ ചണ്ഡാല ഭിക്ഷുകിയുടേത് തന്നെയോ? കുരുടന് കാഴ്ച നല്‍കിയ, ലാസറിനെ ഉയര്‍പ്പിച്ച ക്രിസ്തുവിന്റെ അസംഖ്യം അത്ഭുതങ്ങളെ എങ്ങനെയാണു പുതിയകാലത്ത് വായിക്കേണ്ടത്? ഇങ്ങനെ ധ്യാനമനസ്സോടെ ബൈബിളിന്‍റെ പൊരുള്‍തേടാനിറങ്ങിയ ഒരു കലാകാരന്റെ ആത്മനിഷ്ഠമായ ധൈഷണിക സഞ്ചാരത്തിന്‍റെ സാക്ഷാത്കാരമാണ് “എന്റെ രക്ഷകന്‍” എന്ന ബൈബിള്‍ മെഗാ സ്‌റ്റേജ് ഷോ.

അതുകൊണ്ടുതന്നെ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്കാരവും സംവിധാനവും നിര്‍വ്വഹിച്ച കലാശില്പം ഏറെ സംവാദങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിതുറക്കുന്നു. ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ശീതീകരിച്ച താത്കാലിക പവിലിയനില്‍ നടന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളഈ ബൈബിള്‍ ലൈറ്റ് ആന്ഡ് സൗണ്ട് ഷോ ആ മഹാപ്രതിഭയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ്. മനുഷ്യജീവിതത്തിന്റെ ആകുലതകളുടെ വിജന വീഥികളിലൂടെ കുരിശിന്‍റെ വഴിവിളക്കുമായി സഞ്ചരിച്ച് കാരുണ്യത്തിന്റെ കരസ്പശവും സ്‌നേഹത്തിന്റെ് സാന്ദ്വനമന്ത്രവും എന്തെന്ന് സൂര്യകൃഷ്ണമൂര്‍ത്തി കണ്ടെത്താന്‍ ശ്രമിക്കുന്നു.

ബൈബിളിലെ ക്രിസ്തു ചരിത്രത്തില്‍ നിന്നുള്ള മിത്തുകളും ഭാരതീയ വേദാന്ത ചിന്തയും ഭൂമിശാസ്ത്രനരവംശശാസ്ത്ര പരിപ്രേക്ഷ്യത്തില്‍ ഈ കലാസൃഷ്ടി അവതരിപ്പിക്കുന്നു. പ്രദര്‍ശന ഹാളിലെ വിളക്കുകള്‍ അണയുമ്പോള്‍ത്തന്നെ കേള്‍ക്കുന്ന ഇടിയും മിന്നലും ദൃശ്യബിബംങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള മോശയുടെ പുസ്തകത്തില്‍നിന്നുള്ള വാക്കുകളും വന്യ സംഗീതഘോഷങ്ങളും എല്ലാം ഈ കലാസൃഷ്ടിയുടെ ശരിയായ ആസ്വാദന പരിസരമാണ് തീര്‍ക്കുന്നത്. ഉല്പത്തിയെക്കുറിച്ചുള്ള ബിഗ് ബാംഗ് തിയറിയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക് സാങ്കേതിക വിദ്യയിലൂടെയുള്ള അവതരണവും മുഴങ്ങുന്ന ഓങ്കാര നാദവും ഗായത്രീ മന്ത്രംവും ഉല്പ്പിത്തി പുസ്തകത്തില്‍ നിന്നുള്ള “വെളിച്ചമുണ്ടാകട്ടെ” എന്ന ദൈവവചനവും ഈ വ്യത്യസ്തമായ ക്രിസ്തുകഥാകഥനത്തിനു സംവിധായകന്‍ ഒരുക്കുന്ന പരിസ്ഥിതിസൗഹൃദ ദൃശ്യശ്രവ്യ പരിസരമാണ്.

രക്ഷകനായ യേശുവിന്‍റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം അതിനൂതന സാങ്കേതിക ആവിഷ്കാര മികവിലൂടെ ഏറെ വ്യത്യസ്തമായി അരങ്ങില്‍ പുനരാവിഷ്കരിക്കപ്പെടുന്നു. ദൈവപുത്രന്‍റെ ദിവ്യജനനം വിളംബരം ചെയ്യുന്ന മലാഖമാരുടെ ഗാനം, ഹേറോദേസിന്‍റെ കൊട്ടാരം, വധഭീഷണി ഭയന്ന് ബത്‌ലഹേമില്‍ നിന്നുള്ള പലായനം, പിശാചിന്‍റെ പരീക്ഷ, ഓശാന ഘോഷയാത്ര, കുരിശു വഹിച്ചും ചമ്മട്ടിയടിയേറ്റും കൊണ്ടുള്ള കാല്വവരി യാത്ര, കള്ളന്‍മാരുടെ നടുവില്‍ യേശുവിനെ ക്രൂശില്‍ തൂക്കുന്ന രംഗം, സ്വര്‍ഗാരോഹണം…. ഇങ്ങനെ അവതരണരംഗസജ്ജീകരണ മികവുകൊണ്ടും ശബ്ദപ്രകാശ സമന്വയത്താലും സാങ്കേതിക തികവുള്ള മുഹൂര്‍ത്തങ്ങള്‍ അനവധിയാണ്.

കോറസ് ഗാനങ്ങളിലൂടെയാണ് ഈ കലാസൃഷി കഥ അവതരിപ്പിക്കുന്നത്. കവി മധുസൂദനന്‍നായര്‍ എഴുതിയ കവിതകള്‍ മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുന്ന തീര്‍ഥജലമായി ഒഴുകുന്നു. പണ്ഡിറ്റ് രമേഷ് നാരായണന്‍ ചിട്ടപ്പെടുത്തിയ സംഗീതം ബൈബിള്‍ കലാസൃഷ്ടികളിലെ പരിചിതമായ പാശ്ചാത്യ സംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് ഒരു പുതിയ ഭാവതലത്തിലേക്ക് ഈ കലാസൃഷ്ടിയെ ഉയര്‍ത്തി. യേശുവിന്റെ സമര്‍പ്പിതജീവിതത്തിലെ വെളിപാടുകളും മാനുഷിക ഭാവവും പ്രേക്ഷകമനസ്സില്‍ പെയ്തിറങ്ങാന്‍ കവിതയിലെ വരികള്‍ക്കും അവയിലെ ഭാവങ്ങള്‍ക്കു പ്രകാശം പരത്തിയ സംഗീതത്തിനും സാധ്യമാകുന്നുണ്ട്.

ക്രിസ്തുവിന്റെ ജീവിതം വിവരിക്കുന്ന വെറുമൊരു ഒരു മെഗാ സ്‌റ്റേജ് ഷോയല്ല “എന്റെ രക്ഷകന്‍”. ക്രിസ്തു ചരിത്രത്തെ ഇത് കൃത്യമായി ഏഷ്യന്‍ പരിസരത്തു പുനഃപ്രതിഷ്ഠിക്കുന്നു. ഏഷ്യയിലെ ബത്‌ലഹേമില്‍ ജനിച്ച ക്രിസ്തുവിനെ യൂറോപ്യനായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഈ നാടകം പ്രതിരോധിക്കുന്നു. മാനവചരിത്രത്തിലെ ഏതോ മുഹൂര്ത്തകത്തില്‍ ക്രിസ്തു യൂറോപ്പിന്റെ കയ്യിലായി, എന്നാണ് സൂര്യ കൃഷ്ണമൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ക്രിസ്തുവിന്റെ് ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ഹിമാലയ സാനുക്കളുമായി ഇണക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ച ഈ കലാസൃഷ്ടിയില്‍ കാണാം. കറുത്ത മുടിയും കണ്ണില്‍ കറുത്ത കൃഷ്ണ മണിയുമുള്ള ക്രിസ്തു വ്യത്യസ്തനാണ്. ഉണ്ണിയേശു നിഗ്രഹത്തിനു രാജ്യത്തെ മുഴുവന്‍ ആദ്യജാതരെയും കൊല്ലാന്‍ കല്‍പ്പനയിട്ട ഹെരോദാവ് ഉണ്ണിക്കണ്ണനെ വിഗ്രഹിക്കാന്‍ ശിശുഹത്യക്കിറങ്ങിയ കംസനെ ഓര്‍മിപ്പിക്കും. അതുപോലെ ദുര്‍നടപ്പുകാരിയായ ശമരിയാക്കാരിയില്‍ കുമാരനാശാന്‍റെ ചണ്ഡാല ഭിക്ഷുകിയെയും.

ഇതിലെ മഗ്ദലനമറിയം ക്രിസ്തുവിലൂടെ പുതിയ വെളിച്ചം സ്വകീയമാക്കിയ നവീനകാലത്തിന്റെ സ്ത്രീയുടെ പ്രതിനിധാനം കൂടിയാണ്. അമാനുഷികമായ ഒന്നും ക്രിസ്തുവില്‍ ആരോപിക്കാതെ അത്ഭുതങ്ങളെ ആത്മീയ അനുഭാവമാക്കി ഇവിടെ അവതരിപ്പിക്കുന്നു. അന്ധന് നല്‍കുന്നത് ഉള്‍വെളിച്ചമാണെന്നും ലാസറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് അവന്റെ സഹോദരിമാരുടെ ഓര്‍മകളില്‍ അവനെന്നും ഉണ്ടാകാനാണെന്നും ഈ കലാസൃഷ്ടി അനുഭവിപ്പിക്കുന്നു. പ്രതീഷാണ് ക്രിസ്തുവായി വേഷമിടുന്നത്

അതിബൃഹത്തായ സെറ്റില്‍ രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ തയാറാക്കിയ സ്‌റ്റേജും പവിലിയന്റെ പ്രവേശനകവാടം മുതല്‍ സ്‌റ്റേജ് വരെ നീണ്ടുകിടക്കുന്ന റാമ്പും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. 20 സെന്റ്‌ന സ്‌റ്റേജില്‍ അണിനിരന്ന നൂറ്റമ്പതോളം കലാകാരന്മാുരും 50ല്‍ അധികം പക്ഷി മൃഗാദികളും കാഴ്ചയുടെ പുത്തന്‍ അനുഭവങ്ങളാണ്. പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും അനില്‍ ചെമ്പൂര്‍ അണിയിച്ച വേഷവിധാനവും ബൈബിള്‍ കഥാപാത്രങ്ങളുടെ ദൃശ്യാനുഭവം സമ്പുഷ്ടമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന സംഘടകരുടെ അവകാശവാദം ശരിവയ്ക്കുന്നതായിരുന്നു സാങ്കേതികത്തികവുള്ള ഈ ബൈബിള്‍ ഷോയുടെ അവതരണം.

സൂര്യ സ്‌റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി, ചങ്ങനാശേരിസര്‍ഗ്ഗക്ഷേത്ര, മാര്‍ ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.ആദ്യ പ്രദര്‍ശനം ജനുവരിയില്‍ തിരുവനന്തപുരത്തു നടന്നു. വരുന്ന വര്‍ഷത്തിനുള്ളില്‍ 100 വേദികളില്‍ ഷോ അവതരിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.